manippoor-conflict-communal-violence-military-action-force

മനുഷ്യത്വം ബലഹീനതയായി കാണരുത്’: മണിപ്പുരില്‍ മുന്നറിയിപ്പുമായി സൈന്യം

മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുതെന്ന് മണിപ്പുരിലെ പ്രതിഷേധക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സൈന്യത്തിന്റെ സന്ദേശം. സംഘര്‍ഷഭരിതമായ മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

സംസ്ഥാനത്തു സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ വനിതകള്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇതാം ഗ്രാമത്തില്‍ 1200 സ്ത്രീകള്‍ അടങ്ങുന്ന സംഘം സൈന്യത്തെ തടഞ്ഞിരുന്നു. നാട്ടുകാര്‍ക്കു ജീവഹാനി ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചതിനാല്‍ സൈന്യത്തിനു പന്ത്രണ്ടോളം ഭീകരരെ മോചിപ്പിക്കേണ്ടിവന്നു.

‘വനിതാ പ്രവര്‍ത്തകര്‍ മനഃപൂര്‍വം സൈന്യത്തിന്റെ വഴി തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണിത്. എല്ലാ നാട്ടുകാരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ – സൈന്യം പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.

ഇതാം ഗ്രാമത്തില്‍ ചുമതല വഹിച്ചിരുന്ന ഓഫിസര്‍ പക്വമായ തീരുമാനമെടുത്തതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യത്വമാണ് ഇതിലൂടെ വെളിവായത്. ബലപ്രയോഗം നടത്തിയിരുന്നെങ്കില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിക്കുമായിരുന്നു.

അതൊഴിവാക്കാന്‍ തീവ്രവാദ സംഘടനയായ കെവൈകെഎല്ലിന്റെ 12 പ്രവര്‍ത്തകരെ പ്രാദേശിക നേതാക്കന്മാര്‍ക്കു കൈമാറുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘം, സൈന്യത്തെ മുന്നോട്ടുനീങ്ങാന്‍ അനുവദിക്കാതെ തടയുകയായിരുന്നു. ശനിയാഴ്ച മുഴുവന്‍ സംഘര്‍ഷം നിലനിന്നു.

Leave a Reply

Your email address will not be published.

road-wydening-aroor-kochi-ernakulam-national-highway Previous post അരൂർ മുതൽ ഒബറോൺ മാൾ വരെ 8 ലൈൻ എലിവേറ്റഡ് ഹൈവേ വരുന്നു
dgp-chief-secratory-v.venu-shaik-darvesh-sahib Next post ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്‌ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവിയാകും