
വിവാഹവാഗ്ദാനം നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ചു; 48 വർഷം കഠിനതടവ്
വിവാഹവാഗ്ദാനം നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 48 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ. തൃക്കൊടിത്താനം അമര കിഴക്കേകുന്നിൽ വീട്ടിൽനിന്ന് പുറമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന റിജോമോൻ ജോണിനെ (സനീഷ്-31) ആണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധികകഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
2020 മുതലായിരുന്നു പീഡനം. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി. ഇയാൾ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പ്രലോഭനത്തിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
ഇതിനിടയിൽ പെൺകുട്ടി അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽനിന്ന് ഇടയ്ക്കിടക്ക് റിജോമോനെ വിളിച്ചിരുന്നു. ഇതോടെ ഇയാൾ ഫോണിന് ഉടമയായ സ്ത്രീയുമായി സൗഹൃദത്തിലായി. ഒടുവിൽ അവരുമായി ഒളിച്ചോടി. ചതി മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾവഴി പോലീസിൽ അറിയിച്ചു. കേസിൽ വാദം പൂർത്തിയായശേഷം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം കഴിഞ്ഞിരുന്ന ഇയാളെ ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റുചെയ്തത്.