bjp-jp-naddha-krishnakumar-politics

നഡ്ഡ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ഇരുത്തിയില്ല: ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ

സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നൽകിയില്ലെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.

അതേസമയം, തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍.

‘‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’’ – കൃഷ്ണകുമാർ പറഞ്ഞു.

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ലെന്നും കൃഷ്ണകുമാർ ആരോപിച്ചു. പാർട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വേണ്ട തോതിൽ നടക്കുന്നില്ലെന്നാണു പരാതി. നേതാക്കൾക്ക് അവരുടേതായ തിരക്കുകളുള്ളതു കൊണ്ടാകും തന്നേപ്പോലുള്ളവർ വിളിച്ചാൽ കിട്ടാത്തതെന്നും കൃഷ്ണകുമാർ പറഞ്ഞു. ബിജെപി ദേശീയ കൗൺസിൽ അംഗമാണ് കൃഷ്ണകുമാർ.

Leave a Reply

Your email address will not be published.

Previous post പ്രൈഡ്- നോളജ് ഇക്കോണമി മിഷന്റെ ട്രാൻസ്ജെൻഡർ തൊഴിൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ
flight-delhi-passenger-plane-air-lines Next post വിമാനത്തിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ