പ്രൈഡ്- നോളജ് ഇക്കോണമി മിഷന്റെ ട്രാൻസ്ജെൻഡർ തൊഴിൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ

കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ് ജെൻഡർ വിഭാഗത്തിനായി നടപ്പാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നാളെ (ജൂൺ 27, ചൊവ്വാഴ്ച ) നിർവഹിക്കും. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനാകും. രാവിലെ 11.30 മണിക്ക് തൈക്കാട് KSIHFW ട്രെയിനിങ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും.

വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് പ്രൈഡ്. വൈജ്ഞാനിക തൊഴിലിൽ തൽപ്പരരായ, പ്ലസ്‌ടു വോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനത്തിലൂടെ തൊഴിലിലേക്കെത്തിക്കും. നൈപുണീ പരിശീലനം, കരിയർ കൗൺസിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് , റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ ലഭ്യമാക്കുന്ന സേവനങ്ങൾ.
നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMS വഴി രജിസ്റ്റർ ചെയ്തിരിക്കുന്ന 382 ട്രാൻസ്‌ജെൻഡർ വ്യക്തികളെയാണ് ആദ്യ ഘട്ടത്തിൽ തൊഴിലിലേക്ക് എത്തിക്കുക. സാമൂഹ്യ നീതിവകുപ്പിന്റെ ഗുണഭോക്താക്കളായ 1628 ട്രാൻസ് ജെൻഡർ വ്യക്തികളെ കൂടി അടുത്ത ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാക്കും. ഉദ്യോഗാർഥികൾക്ക് അവരുടെ അഭിരുചിക്കും താൽപ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളജ് മിഷൻ ചെയ്യുന്നത്.
ട്രാൻസ് സമൂഹം നേരിടുന്ന തൊഴിലില്ലായ്മയും അദൃശ്യതയും ഇല്ലാതാക്കുവാനും മെച്ചപ്പെട്ട തൊഴിൽ സാധ്യതകളിലൂടെ ജീവിത ഗുണനിലവാരവും സാമൂഹ്യ അംഗീകാരവും ഉറപ്പാക്കുവാനും രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രൈഡ് പദ്ധതി വഴി സാധിക്കും. തൊഴിൽ നൽകുന്നതോടൊപ്പം കൃത്യമായ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
2026 നുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രൈഡ് പദ്ധതി നടപ്പാക്കുന്നത്.
നോളജ് മിഷൻ നടത്തുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിൽ ഉറപ്പാക്കും. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, കെ കെ ഇ എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ , ജനറൽ മാനേജർ പി എം റിയാസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ , തിരുവനന്തപുരം നഗരസഭാ കൗൺസിലർ ജി മാധവദാസ് , ട്രാൻസ്ജെൻഡർ അക്കാദമിക് ശ്യാമ എസ് പ്രഭ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.

sivan-santhosh-sivanp-cultural Previous post അനന്തപുരിക്ക് ഇനി സ്വന്തമായൊരു കൾച്ചറൽ ഹബ് ”ശിവൻസ് കൾച്ചറൽ സെൻ്റർ”; ഉദ്ഘാടനം 27ന്
bjp-jp-naddha-krishnakumar-politics Next post നഡ്ഡ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ഇരുത്തിയില്ല: ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ