pridhviraj-sukumaran-accident-operation-hospital-shoo

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രണ്ടുമാസം വിശ്രമം

മറയൂരിൽ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന്റെ ആരോ​ഗ്യനില തൃപ്തികരം. കാലിന് നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളും ഫിലിം ട്രാക്കർമാരും റിപ്പോർട്ട് ചെയ്തു. താരത്തിന്റെ കാലിന്റെ ലി​ഗമെന്റിനാണ് പരിക്കേറ്റത്. രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ നടൻ രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിവിടും. രണ്ടുമാസം വിശ്രമത്തിലേക്ക് പോകുന്നതോടെ വിലായത്ത് ബുദ്ധയ്ക്ക് പുറമേ എമ്പുരാൻ, ​ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇനിയും നീളുമെന്നുറപ്പായി.

ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തൽക്കാലം നീട്ടിവച്ചിരിക്കുകയാണ്. അതേസമയം പൃഥ്വിരാജ് മുഖ്യവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം സലാറിനെ ഈ പരിക്ക് ബാധിക്കില്ലെന്ന് സിനിമാ ട്രാക്കറായ എ.ബി. ജോർജ് പറഞ്ഞു. സലാറിലെ പൃഥ്വിയുടെ രം​ഗങ്ങൾ നേരത്തേതന്നെ ചിത്രീകരിച്ചുകഴിഞ്ഞതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനവേഷങ്ങളിൽ.

Leave a Reply

Your email address will not be published.

safe-kerala-chennithala-lap-top Previous post സേഫ് കേരള പദ്ധതിയിലും അഴിമതി; 57000 രൂപയുടെ ലാപ്‌ടോപ്പിന് 1.4 ലക്ഷം രൂപ: രമേശ് ചെന്നിത്തല
celabus-state-central-school-students Next post അഞ്ച്,ആറ് ക്ലാസ് വിദ്യാര്‍ഥികളുടെ പഠനനിലവാരം: പ്രത്യേക മൂല്യനിര്‍ണയസംവിധാനം അവതരിപ്പിക്കാന്‍ സിബിഎസ്ഇ