
തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു
തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു. പരശുരാമ ക്ഷേത്രത്തോട് ചേർന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. 27 ന് ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഭൂമിയുടെ രേഖകൾ കൈമാറും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഭൂരേഖ ഏറ്റുവാങ്ങും. ബലിക്കടവിന്റെ നവീകരണത്തിനും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിനും ഈ ഭൂമി വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്ഥല സൗകര്യ കുറവുകൾ മൂലം വർഷങ്ങളായി ഭക്തർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരം തെളിയുന്നത്. ബലിക്കടവ് നവീകരണത്തിനു പുറമേ പാർക്കിങ്ങ് സൗകര്യം, ശുചിമുറികൾ, വിശ്രമമുറികൾ, ക്ലോക്ക് റൂം, ലോക്കർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ നിർമിക്കും. തിരുവല്ലം വില്ലേജിൽ 6 ഭൂ ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയാക്കി.
എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ വി കസനം സർക്കാർ ഉറപ്പാക്കുകയാണെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. പൊതു ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ആരാധനയ്ക്കാപ്പം ആതുര സേവന സൗകര്യങ്ങളും ഏർപ്പെടുത്തി ദേവസ്വങ്ങളെല്ലാം പൊതു സമൂഹത്തിന് കരുതലാകുകയാണ്. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഭാഗമായി ഡയാലിസിസ് സെന്റർ ആരംഭിച്ചു. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ശബരിമല നിലയ്ക്കലിൽ ബേസ് ക്യാമ്പ് ഹോസ്പിറ്റലും നിർമാണ ഒരുക്കത്തിലാണ്. പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ കൂടുതൽ ആതുര സേവന സൗകര്യങ്ങൾ ഒരുക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.