new-ksrtc-swift-super-fast-bus-test-alto-ganeskumar-antony-raju-biju-prabhakar

KSRTC സ്വിഫ്റ്റ് ഓടിക്കാന്‍ ആള്‍ട്ടോ കാറില്‍ ടെസ്റ്റ്

  • സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുകയാണ് കെഎസ്ആര്‍ടിസി
  • ബസ് കൊടുത്തില്ല, വായില്‍ തോന്നിയതെല്ലാം നിയമസഭയില്‍ വിളിച്ചു പറയുമെന്ന് ഗണേഷ് കുമാര്‍
  • ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരില്‍ നിന്നും പണം വാങ്ങി, കണ്ടക്ടര്‍ക്ക് ജോലി പോയി

സ്വന്തം ലേഖകന്‍

കാറോടിക്കാനറിയാമോ?. ഹെവി ലൈസന്‍സുണ്ടോ. എങ്കില്‍ നിങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി കിട്ടിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ഓടിക്കാന്‍, കാറ് ഓടിക്കാന്‍ അറിഞ്ഞാല്‍ മതിയെന്നാണ് സാറന്‍മാര്‍ തട്ടി വിടുന്നത്. പഴഞ്ചന്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ വളയം ചവിട്ടി തിരിക്കുന്ന പാവം പഴയകാല ഡ്രൈവര്‍മാര്‍ ആയുസ്സെത്താതെ ക്ഷയവും ഹാര്‍ട്ടറ്റാക്കും വന്ന് മരിക്കുന്നുണ്ട് ഇപ്പോഴും. അപ്പോഴാണ് ആധുനിക ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കാനുള്ള കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ നൂതനാശയം. സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുകയാണ് കെഎസ്ആര്‍ടിസി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സ് ഉള്ള വനിത ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ടെസ്റ്റ് നടത്തിയത്. അടുത്ത മാസം മുതല്‍ നിരത്തില്‍ സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാരുടെ ടെസ്റ്റായിരുന്നു നടന്നത്.

ഹെവി ലൈസന്‍സ് വേണ്ടജോലിക്കാണ് മാരുതിആള്‍ട്ടോ കാറില്‍ ടെസ്റ്റ് നടത്തിയത്. എച്ച് എടുക്കുന്നതും റോഡ് ടെസ്റ്റും എല്ലാം മാരുതി കാറിലാണ് നടത്തിയത്. തലതിരിഞ്ഞ നടപടി പിന്നാലെ നടന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അധികൃതര്‍ നിരീക്ഷിക്കുകയും ചെയ്തു. ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ച 27 വനിതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെയാണ് ടെസ്റ്റിന് വിളിച്ചത്. ഈ പത്ത് പേര്‍ക്കും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നു എന്നതാണ് ഏക മെച്ചം. കാറോടിച്ച് ടെസ്റ്റ് പാസായി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വരുന്നതോടെ സ്വിഫ്റ്റ് ബസുകളെല്ലാം കാറായി മാറുമെന്നതാണ് പ്രധാന ചെയ്ഞ്ച്. ബസിനെ കാറുപോലെ വളയ്ക്കാനും തിരിക്കാനും കഴിയും. കൂടാതെ, ബസില്‍ ഡ്രൈവറെയും ചേര്‍ത്ത് അഞ്ച് യാത്രക്കാരേ ഉള്ളൂവെന്ന ചിന്തയും ഉണ്ടാകും.

ആരാണ് ഒരു ചേയ്ഞ്ച് ആഗ്രഹിക്കത്തത്തെന്ന പരസ്യ വാചകം യാഥാര്‍ഥ്യമാക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ആധുനിക കാലത്തിന് ആധുനിക ബസും ആധുനിക ഡ്രൈവിംഗ് പരിശീലനവും. ഇതാണ് മുദ്രാവാക്യം. ആന്റമി രാജുവിന്റെ വകുപ്പിലെ മാറ്റങ്ങളെല്ലാം എന്നും ചര്‍ച്ചയ്ക്കു വകയുള്ളവയാണ്. ഇതുപോലൊരു ശ്രദ്ധേയമായ മാറ്റമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ടാക്കിയത്. ഒന്നിനെ രണ്ടാക്കിയെങ്കിലും തൃപ്തിയില്ലാതെ മൂന്നും നാലും ഗഡുവായി കൊടുക്കുന്നതിന്റെ പഠം വേറെ നടക്കുന്നുണ്ട്. ശമ്പളമേ കൊടുക്കാതിരിക്കാന്‍ എന്താണു വഴിയെന്നും ആലോചിക്കുന്നുണ്ട്.

ഇതെല്ലാം വലിയ വലിയ മാറ്റങ്ങളാണ്. ചിലപ്പോഴൊക്കെ ഇത്തരം മാറ്റങ്ങള്‍ക്കെതിരേ ആരെങ്കിലുമൊക്കെ എതിര്‍പ്പു പറയും. അതൊന്നും വകവെയ്ക്കാതെയാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകറും മന്ത്രി ആന്റണി രാജുവും മുന്നോട്ടു പോകുന്നതെന്ന്, കാറോടിച്ച് ടെസ്റ്റ് പാസാക്കുന്നതു കണ്ടാല്‍ മനസ്സിലാക്കിക്കുടേ. എന്നാലും ഗണേഷ് കുമാര്‍ എം.എല്‍.എ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. രണ്ടു ബസ് ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ചൊരുക്കാണ് ഗണേഷ്‌കുമാറിനുള്ളത്. എങ്കിലും എന്തൊക്കെയോ പ്രശ്്‌നങ്ങള്‍ കെ.എസ്.ആര്‍.ടി.സിയിലുണ്ട്. അത് നിയമസഭയില്‍ വിളിച്ചു കൂവുമെന്ന ഭീഷണിയും ഗണേഷ് അറിയിച്ചിട്ടുണ്ട്.

വകുപ്പ് മറ്റത്തിനുള്ള സമയമായിട്ടും സര്‍ക്കാരിലെ ഒരുത്തന്‍പോലും ഒരക്ഷരം മിണ്ടാത്തതും ഗണേഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം ആന്റണി രാജുവും രണ്ടര വര്‍ഷം ഗണേഷ് കുമാറും എന്ന സമവാക്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. അതാണ് ഗണേഷിനെ ശരിക്കും പ്രകോപിപ്പിച്ചത്. ഓള്‍ട്ടോ കാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന വാര്‍ത്ത കൂടി ഗണേഷിന്റെ ചെവിയില്‍ എത്തിയാല്‍ ആന്റണി രാജുവിനെ നിയമസഭയില്‍ പൊരിക്കുമെന്നുറപ്പാണ്.

കൂനിന്‍മേല്‍ കുരു എന്നപോലെയാണ് സ്വിഫ്റ്റ് സര്‍വീസിന് പണി കിട്ടുന്നത്. ടിക്കറ്റില്‍ ക്രമക്കേട് വരുത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കണ്ടക്ടര്‍ എസ് ബിജുവിനെ പിരിച്ചുവിട്ടതാണ് മറ്റൊരു തലവേദന. യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയില്‍ കെഎസ് 153 കണിയാപുരം-കിഴക്കേകോട്ട എന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത 2 യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയതിനാണ് കണ്ടക്ടര്‍ എസ് ബിജുവിനെ പിരിച്ചുവിട്ടത്. ജൂണ്‍ 1 മുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു. ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ പി ആര്‍ ജോണ്‍കുട്ടി, അടൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ കെ മോഹനന്‍ എന്നിവര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാത്തതിന് സസ്‌പെന്റ് ചെയ്യപ്പെട്ടു. ഇവര്‍ക്കെതിരെ ആലപ്പുഴ, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.

വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ 10 ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. അകാരണമായി ആറ് സര്‍വ്വീസുകള്‍ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ വിജി ബാബു, സ്റ്റേഷന്‍ മാസ്റ്റര്‍ സിഎ ഗോപാലകൃഷ്ണന്‍ നായര്‍, പണം ഈടാക്കിയിട്ട് ടിക്കറ്റ് നല്‍കാതിരുന്ന തൃശ്ശൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബിജു തോമസ്, മേലധികാരിയുടെ നിര്‍ദ്ദേശമില്ലാതെ സ്വന്തമായി സര്‍വ്വീസ് റദ്ദാക്കിയ പൂവ്വാര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബിവി മനു, ഡ്രൈവര്‍ അനില്‍കുമാര്‍ എസ്, സ്റ്റേഷന്‍ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവര്‍ റെജി ജോസഫ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവര്‍ പി സൈജു, അസിസ്റ്റന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടര്‍ ബി മംഗള്‍ വിനോദ്, ഇടിഎം തകരാറിലായതിനാല്‍ തന്നിഷ്ടപ്രകാരം സര്‍വ്വീസ് റദ്ദാക്കിയ പൊന്‍കുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോന്‍ ജോസ്, ഏഴ് യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന ബസില്‍ ഒരു യാത്രക്കാരില്‍ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നല്‍കാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ ഇ ജോമോള്‍, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഈ മാസം 27,813 ബസ്സുകളില്‍ പരിശോധന നടത്തി. 131 ക്രമക്കേട് കണ്ടെത്തി. ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 500 രൂപ വീതം പിഴയിനത്തില്‍ ആകെ 8500 രൂപ ഈടാക്കി. വിജിലന്‍സ് വിഭാഗം പരിശോധന കര്‍ശനമാക്കി. വരുമാന ചോര്‍ച്ച തടഞ്ഞ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി എംഡി പറയുമ്പോള്‍ ഇതേ കെ.എസ്.ആര്‍.ടി.സി ഭവനില്‍ 400 കോടിയുടെ അഴിമതി നടന്നിട്ട് എന്തെങ്കിലും ചെയ്‌തോ എന്നൊരു മറു ചോദ്യം ചോദിച്ചാല്‍ പിണങ്ങരുത് എം.ഡീ. അതും വരുമാന ചോര്‍ച്ചയില്‍പ്പെടുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും, കാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ഡ്രൈവറാകാന്‍ നില്‍ക്കുന്ന വനിതകള്‍ക്കും, ബസ് അനുവദിക്കാത്തതില്‍ പരിഭവിച്ചു നില്‍ക്കുന്ന ഗണേഷ് കുമാറിനും, വിജിലന്‍സ് പിടികൂടി ജോലി പോയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും, സ്വിഫ്റ്റില്‍ യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ക്കും വരാനിരിക്കുന്നത് നല്ല ദിനങ്ങളാകട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published.

cover-story-rap-kazhakkooottam-techno-park-kadakampally Previous post സ്ത്രീ സ്വാതന്ത്ര്യം എവിടെ: രാത്രി നടത്തവും, ചുംബന സമരവും, ശബരിമല കയറ്റവും എന്തിനായിരുന്നു
narendra-modi-america-byden-egypt Next post നരേന്ദ്രമോദിയെ ലോകം ആരാധിക്കുന്നു, ഇവിടെ ചിലര്‍ പുച്ഛിക്കുന്നു