
ഭാര്യയുടെ മാത്രമല്ല, സുധാകരന്റെ 15 വർഷത്തെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കും: വിജിലൻസ്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ലെ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ പറഞ്ഞു. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സുധാകരന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ്. അതിന്റെ ആദ്യപടിയെന്ന നിലയിൽ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയച്ചിരിക്കുകയാണ് വിജിലൻസ്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്‍റെ സാന്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇന്ന് രാവിലെ കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അതേ സമയം, മോൺസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ അതിജീവിതയുടെ രഹസ്യമൊഴിയെന്ന പേരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്രവാർത്തയുടെ അടിസ്ഥാനത്തിലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ആ പരാമർശത്തിന്‍റെ പേരിൽ കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിരുന്നു. തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന് സംരക്ഷണവും പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസാരിച്ച തനിക്കെതിരെ കേസുമാണ് കോൺഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.