andrapradesh-shamila-congress-sonia-gandhi

വൈ.എസ് ഷര്‍മിള കോണ്‍ഗ്രസിലേക്ക്; ആന്ധ്ര പിടിക്കാന്‍ കരുനീക്കി ഡി.കെ ശിവകുമാർ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ഷര്‍മിള കോണ്‍ഗ്രസില്‍ ചേരും. ഇതിന്റെ ഭാഗമായി ഷര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അവസാന വട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ഷര്‍മിള ഡല്‍ഹിയിലെത്തി സോണിയ ഗാന്ധി അടക്കമുള്ളവരെ കാണും. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടിയുടെ തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ഷര്‍മിളയ്ക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം.

പ്രിയങ്കാ ഗാന്ധിയുടെ ആശീര്‍വാദത്തോടെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയ നീക്കങ്ങളാണ് ഒരുകാലത്ത് കോണ്‍ഗ്രസിന്റെ എല്ലാമെല്ലാം ആയിരുന്ന വൈ. രാജശേഖര റെഡ്ഡിയുടെ മകള്‍ മൂവര്‍ണ കൊടിയേന്താന്‍ ഇടയാക്കിയത്. മേയ് 29നു ഷര്‍മിള ബെംഗളുരുവിലെത്തി ഡി.കെ.ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതലങ്ങളില്‍ ആലോചനകള്‍ നടന്നു. രണ്ടു വയസ് മാത്രമുള്ള യുവജന ശ്രമിക റിതു തെലങ്കാന പാര്‍ട്ടിയെന്ന വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണു ഷര്‍മിളയുടെ തീരുമാനം.

ഇതിനു പ്രത്യുപകാരമായി രാജ്യസഭാ സീറ്റാണു കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. ഒപ്പം തെലങ്കാനയില്‍നിന്നു സ്വന്തം നാടായ ആന്ധ്രപ്രദേശിലേക്കു ഷര്‍മിള മടങ്ങിയേക്കും. ആന്ധ്ര കോണ്‍ഗ്രസിന്റെ നേതൃത്വം ഷര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അറിയപ്പെടുന്ന നേതാവോ താഴേത്തട്ടില്‍ കേഡര്‍ സംവിധാനമോ ഇല്ലാത്ത കോണ്‍ഗ്രസിന്റെ തിരിച്ചുവരവാകും ആന്ധ്രയിൽ ഷര്‍മിളയുടെ വരവ്.

ആന്ധ്ര മുഖ്യമന്ത്രി കൂടിയായ സഹോദരന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയും അദ്ദേഹത്തിന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസുമാകും ഷർമിളയുടെ പ്രധാന എതിരാളികള്‍. സഹോദരനോടു പിണങ്ങിയാണ് ഷര്‍മിള ആന്ധ്രപ്രദേശ് വിട്ടു തെലങ്കാനയിലേക്കു മാറിയത്. അതേസമയം, ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ ഷര്‍മിള നിഷേധിച്ചു. 

അതിനിടെ, ഷർമിളയ്ക്ക് പാര്‍ട്ടിയില്‍ ചേരാമെങ്കിലും സംസ്ഥാനത്ത് ഇത്തരം നേതാവിന്‍റെ ആവശ്യമില്ലെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പരസ്യമായി പ്രഖ്യാപിച്ചു. ഷര്‍മിളയുടേത് അവരസരവാദ നിലപാടാണന്നു മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രേണുകാ ചൗധരിയും തുറന്നടിച്ചു.

Leave a Reply

Your email address will not be published.

vs-vidhya-custody-case-fake=document Previous post വിദ്യ ഇന്ന് ചോദ്യം ചെയ്യലിനെത്തിയില്ല,
india-egypt-prime-minister-narendra-modi-order-of-nail Next post ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓഡർ ഓഫ് ദ നൈൽ’ മോദിക്ക് സമ്മാനിച്ചു; സഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഒപ്പിട്ടു