
അച്ഛൻ ഒരിക്കലും അത് ചോദിച്ചില്ല; അദ്ദേഹമത് ആഗ്രഹിച്ചിരുന്നു; അത് മാത്രമാണ് വിഷമം’; ശോഭന
മലയാള സിനിമാ ലോകം എന്നും അഭിമാനത്തോടെ കാണുന്ന നടിയാണ് ശോഭന. അഭിമുഖങ്ങളിൽ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ ശോഭന അനുവദിക്കാറുമില്ല. അതേസമയം മുമ്പൊരിക്കൽ നടി രേവതിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിൽ തന്റെ കുടുംബത്തെക്കുറിച്ച് ശോഭന പരാമർശിച്ചിട്ടുണ്ട്. അന്ന് ശോഭന തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘1979 മുതൽ 1995 വരെ ഞാൻ ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല. അച്ഛൻ ഒരിക്കൽ പോലും എന്തുകൊണ്ട് നീ ഡബിൾ ഷിഫ്റ്റ് എടുക്കുന്നു, ഒരു ഷിഫ്റ്റ് ചെയ്ത് വീട്ടിൽ ഇരുന്നാൽ പോരെ എന്ന് പറഞ്ഞിട്ടില്ല. തീർച്ചയായും അദ്ദേഹത്തിന് എന്റെയൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒറ്റ മകളാണ്. പാവം… അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചില്ലെന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ,’ ശോഭന പറഞ്ഞതിങ്ങനെ. ചന്ദ്രകുമാർ പിള്ള എന്നാണ് ശോഭനയുടെ പിതാവിന്റെ പേര്.
വർഷങ്ങൾക്ക് മുമ്പ് മഴവിൽ മനോരമയിലെ അഭിമുഖത്തിനാണ് ശോഭനയും രേവതിയും ഒരുമിച്ച് എത്തിയത്. അഭിനയം നിർത്താൻ തീരുമാനിച്ചതിന് കാരണമെന്തെന്നും ശോഭന അന്ന് വ്യക്തമാക്കി. കരിയറിലെ മികച്ച സമയത്ത് സിനിമകളിൽ മാത്രമായിരുന്നു ശ്രദ്ധ. ഒരു ദിവസം എനിക്ക് തോന്നി, ഇതെല്ലാം മതിയാക്കാമെന്ന്. എനിക്ക് മറ്റ് ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമകൾ തന്നെ ചെയ്താൽ അത് നടക്കില്ല. അങ്ങനെയാണ് നൃത്തത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതെന്നും അന്ന് ശോഭന തുറന്ന് പറഞ്ഞു.
വലിയൊരു ആഗ്രഹമെന്താണെന്ന് ചോദിച്ചപ്പോൾ തന്റെ മകൾ നൃത്തത്തിൽ അരങ്ങേറണമെന്നാണെന്ന് ശോഭന വ്യക്തമാക്കി. ഡാൻസ് ചെയ്യാൻ താൽപര്യമുണ്ട്. പക്ഷെ ഡാൻസ് ക്ലാസിൽ വരില്ല. അവൾക്ക് സ്വയം ചെയ്യണം. അവൾ നന്നായി നൃത്തം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ശോഭന പറഞ്ഞു. അനന്ത നാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്.
2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മികച്ച വിജയം നേടി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശോഭന ചെയ്ത സിനിമയായിരുന്നു ഇത്.