
ചിന്ന ചിന്ന ആസൈ’ പാടിയ ശേഷം ഇളയരാജ വിളിക്കാതായി; മിന്മിനി പറയുന്നു
ചിന്ന ചിന്ന ആസൈ എന്ന ഗാനം പാടിയശേഷം തനിക്ക് അവസരങ്ങള്‍ കുറയുകയാണുണ്ടായതെന്ന് പിന്നണിഗായിക മിന്മിനി.
മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ നായികയുടെ ഇന്‍ട്രോ ഗാനം കൂടിയായിരുന്നു അത്. ചിന്ന ചിന്ന ആസൈ എന്ന ഒറ്റപ്പാട്ടുമതി മിന്മിനി എന്ന ഗായികയെ സംഗീതപ്രേമികള്‍ ഓര്‍ക്കാന്‍. ഈ ഗാനം ഹിറ്റായതോടെ ഇളയരാജ തന്നെ പാടാന്‍ വിളിക്കാതായെന്നും ഇക്കാര്യങ്ങള്‍ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും ഗായിക തന്നെ പറയുകയാണ്.
ഇത് ഞാന്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് എ.വി.എം. ആര്.ആര് സ്റ്റുഡിയോയില്‍ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാര്‍ ചെറിയ കറക്ഷന്‍സ് പറഞ്ഞുതരാന്‍ വന്നു. ഗായകന് മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാര്‍ തിരിച്ചുപോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാല്‍ മതിയെന്ന്.
അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരയുകയാണ്. മൈക്കെല്ലാം ഓണാണ്. മനോ അണ്ണന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരാള്‍ എഴുന്നേറ്റു വന്നു. കീ ബോര്‍ഡ് ചെയ്തിരുന്ന അന്തരിച്ച വിജി മാനുവല്‍ അങ്കിളായിരുന്നു അത്. കരയരുതെന്നും വെറുതെ പറഞ്ഞതായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ഈ സംഭവം ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ല. ഉള്ളിലെവിടെയോ വിഷമമായി കിടന്നിരിക്കാം. ഈ സംഭവത്തിന് ശേഷം പാടാന്‍ ഇളയരാജ വിളിച്ചിട്ടില്ല. രാജാ സാര്‍ എന്നോട് വാത്സല്യമുള്ളയാളായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവര്‍ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നത്. ഒരു സ്വകാര്യ ചാനലിലെ സംഗീതപരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മിന്മിനി ഇക്കാര്യം പറഞ്ഞത്.
പതിമൂന്ന് പാട്ടുകള്‍ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് പെട്ടന്ന് നിര്‍ത്തിയതെന്നും മിന്മിനി പറഞ്ഞു. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കുറേ അവസരങ്ങള്‍ കിട്ടി. നല്ല അവസരങ്ങളൊന്നും പാഴാക്കാതെ അപ്പച്ചന് തന്നെ കൊണ്ടുനടന്നു. തന്റെ നാടായ കീഴ്മാട് പഞ്ചായത്ത് ഓഫീസില്‍ ആദ്യമായി ഫോണ്‍ വന്നിട്ട് ഉപയോഗിച്ചയാളാണ് ഞാന്‍. വീട്ടില്‍ ഫോണില്ലാത്തതുകൊണ്ട് പഞ്ചായത്ത് ഓഫീസിലെ നമ്പറാണ് കൊടുത്തിരുന്നത്. അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നും മിന്മിനി ഓര്‍ത്തെടുത്തു.
ചെന്നൈയ്ക്ക് പോയശേഷം കാര്യമായ കഷ്ടപ്പാടില്ലായിരുന്നു. 1991 മുതല്‍ 1994 പകുതിവരെ മാത്രമേ ശരിക്ക് പാടിയിട്ടുള്ളൂ. അന്നുണ്ടായിരുന്ന എല്ലാ സംഗീതസംവിധായകര്‍ക്കും വേണ്ടി പാടാനുള്ള ഭാഗ്യം കിട്ടി. ചിന്ന ചിന്ന ആസൈ പാടിയശേഷം സത്യത്തില്‍ പാട്ടുകള്‍ കുറഞ്ഞു. പക്ഷേ അപ്പോഴും പാടാന്‍ വിളിച്ചുകൊണ്ടിരുന്ന ഒരാളാണ് ജോണ്സണ് ചേട്ടന്. മദ്രാസില്‍ വച്ചുണ്ടായ ഒരു തിക്താനുഭവം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. രാജാ സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവും. ദേവാ സാറിന്റെയും വിദ്യാസാഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകള്‍ മുമ്പ് പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാര്‍ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്. മിന്മിനി പറയുന്നു.