
ആ സിനിമ നടക്കാൻ കാരണം സുരേഷ് ഗോപി ; അതുപോലൊരു കഥാപാത്രം ജയറാമിന് ഒരിക്കലും കിട്ടില്ല: രാജസേനൻ പറയുന്നു
ഒരുകാലത്ത് മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന് കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച സിനിമകളിൽ ഏറെയും ബോക്സ് ഓഫീസ് വിജയമായിരുന്നു. കടിഞ്ഞൂല്‍ കല്യാണമാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. തുടര്‍ന്ന് പതിനഞ്ചോളം സിനിമകളിലാണ് ഇവർ ഒരുമിച്ചത്.
എന്നാൽ ഇപ്പോൾ അത്രനല്ല സ്വരച്ചേർച്ചയിലല്ല ജയറാമും രാജസേനനും. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വർഷങ്ങളായി മിണ്ടിയിട്ട്. എന്നാൽ അതിന്റെ കാരണം അറിയില്ലെന്നാണ് രാജസേനൻ പറയുന്നത്. 2006ല്‍ മധുചന്ദ്രലേഖ, കനകസിംഹാസനം തുടങ്ങിയ സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ഈ സിനിമകൾക്ക് മുന്നേ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ഈ സിനിമകൾ സംഭവിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് രാജസേനൻ.
“ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ള പോലെ പിരിഞ്ഞതിന്റെ കാരണം എനിക്ക് അറിയില്ല. കാരണം അറിയാമെങ്കിൽ ആരോടെങ്കിലും പറയാം, ജയറാമിനോട് ഒന്ന് പറയൂ, ആ പ്രശ്നം സോൾവ് ചെയ്യാമെന്ന്. കാരണം അറിഞ്ഞാൽ ഞങ്ങളെ കോമ്പ്രമൈസ് ചെയ്യിക്കാൻ നൂറ് പേർ ഇപ്പോഴും സിനിമയിലുണ്ട്. ഇതിനു മുൻപ് പ്രശ്നമുണ്ടായപ്പോൾ സുരേഷ് ഗോപിയാണ് ഇടപെട്ടത്. സുരേഷ് ഗോപി വന്നത് കൊണ്ടാണ് മധുചന്ദ്ര ലേഖ എന്ന ആ സിനിമ ഉണ്ടായത്.
ആ സിനിമ ഇല്ലായിരുന്നെങ്കിൽ അതുപോലൊരു കഥാപാത്രം ജയറാമിന് ഒരിക്കലും കിട്ടില്ല. എവിടെ കിട്ടാനാണ്. അത്രമാത്രം ഹിറ്റ് ഗാനങ്ങളൊക്കെയുള്ള ഉത്തമമായ സിനിമ ആയിരുന്നു അത്. നല്ലൊരു സിനിമയാണ്. ജയറാം അതിൽ പാട്ടുകൾ പാടി അഭിനയിക്കുമ്പോൾ ഇങ്ങനെ സിനിമകളൊക്കെ എനിക്ക് സേനൻ ആണല്ലോ തരുന്നതെന്ന് ജയറാം പറയുമായിരുന്നു. അതിന് ശേഷം കനക സിംഹാസനം വന്നു. അത് അത്ര വിജയിച്ചില്ല. എങ്കിലും ജയറാം അസാധ്യമായി പെർഫോം ചെയ്ത സിനിമയാണ്. പിന്നീടാണ് അകൽച്ചയിലായത്”, രാജസേനൻ പറയുന്നു.
താൻ ഒരിക്കലും ഒരു ക്ലാസിക് സംവിധായകൻ അല്ലെന്നും രാജസേനൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ചിരിക്കാൻ കഴിയുന്ന, അൽപം ചിന്തിപ്പിക്കുന്ന കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഒരു വൻ ക്ലാസിക് സിനിമയൊന്നും താൻ ചെയ്തിട്ടില്ല. ഇപ്പോഴും ഒരു അറുപത് ശതമാനത്തിൽ കിടക്കുന്ന സംവിധായകനാണ്. അതിൽ നിന്ന് ഒരു പത്ത് ശതമാനമെങ്കിലും മുകളിലേക്ക് സഞ്ചരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് ഞാനും പിന്നൊരു ഞാനും എന്ന സിനിമയെന്ന് രാജസേനൻ പറയുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ഞാനും പിന്നൊരു ഞാനും. രാജസേനൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.