
തൊപ്പിയെ പൂട്ടിയിടരുത്, മാനസിക രോഗിക്കു വേണ്ടത് കൗണ്‍സിലിംഗ്
തൊപ്പി എന്ന് അറിയപ്പെടുന്ന യുട്യൂബര്‍ നിഹാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി. തൊപ്പിയെ പൂട്ടിയിടരുത്, അയാള്‍ക്ക് നല്ല കൗണ്‍സലിങ് നല്‍കുകയാണ് വേണ്ടതെന്ന് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. അയാളെ കുറ്റവാളിയായി കണ്ട് ജയിലില്‍ അടയ്ക്കുന്നത് വലിയ ദുരന്തമായിരിക്കും. ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് പൊലീസല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടര്‍മാരുമാണെന്നും മുരളി തുമ്മാരുകുടി പറയുന്നു. ഇവിടെ ഒരു സമാന്തര ലോകം ഉണ്ടെന്ന് തിരച്ചറിയാന്‍ കേരളത്തിലെ അമ്മാവന്മാര്‍ക്ക് തൊപ്പിയുടെ വരവ് സഹായകരമായിട്ടുണ്ടെന്ന് തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ചുറ്റുമുള്ള കുട്ടികളോട് ആ ലോകത്തെപ്പറ്റി ചോദിച്ച് മനസിലാക്കണം. എന്താണ് പുതിയ തലമുറയുടെ പ്രതീക്ഷകളും മൂല്യങ്ങളും പ്രശ്‌നങ്ങളും എന്ന് മനസിലാക്കണം. എന്നാല്‍ മാത്രമേ അവരെക്കൂടി ഉള്‍പ്പെടുന്ന ഒരു സമൂഹം നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
സമാന്തരലോകത്തെ തൊപ്പികളും കിളിപോകുന്ന അമ്മാവന്മാരും എല്ലാ ദിവസവും രാവിലത്തെ ചൂടന്‍ പത്രം തൊട്ട് വൈകീട്ടത്തെ ചൂടുള്ള ചര്‍ച്ചകള്‍ വരെ കണ്ടും കേട്ടും ചര്‍ച്ച ചെയ്തും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെപ്പറ്റി വലിയ അറിവുണ്ടെന്ന് വിചാരിച്ചിരുന്ന മലയാളി സമൂഹം. ഒരു ദിവസം പെട്ടെന്നാണ് തൊപ്പി അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതും എന്തൊരു വരവായിരുന്നു. പഞ്ചാബി ഹൗസിലെ രമണന്റെ രംഗപ്രവേശനത്തിലും നാടകീയമായി. കുട്ടികള്‍ ഓടിക്കൂടുന്നു. ട്രാഫിക്ക് നിശ്ചലമാകുന്നു. തൊപ്പി വാര്‍ത്തയാകുന്നു. പത്രങ്ങളും ചര്‍ച്ചക്കാരും അമ്മാവന്മാരും ഞെട്ടുന്നു.
ഏവന്‍ ആര് സമാന്തര ലോകത്തെ രാജകുമാരനോ? അമ്മാവന്മാര്‍ ഞെട്ടുന്നത് കാണുന്ന പുതിയ തലമുറ അതിലും ഞെട്ടുന്നു. ഈ അമ്മാവന്മാര്‍ക്ക് ഇനിയെങ്കിലും നേരം വെളുക്കുമോ? അതോ ഇവരുടെ കാലം കഴിഞ്ഞോ?
കേരളത്തില്‍ ഒരു സമാന്തര ലോകം ഉണ്ടെന്ന് ഞാന്‍ അറിയുന്നത് കളക്ടര്‍ ബ്രോയുടെ ഒരു പോസ്റ്റില്‍ നിന്നാണ്. അന്ന് മുതല്‍ ആ ലോകത്തെ ശ്രദ്ധിച്ചിരുന്നു. പക്ഷെ തൊപ്പിയുടെ വരവ് എന്നെയും അന്പരപ്പിച്ചു. തൊപ്പിയെ പറ്റിയുള്ള ഞങ്ങളുടെ ലോകത്തെ അവലോകനങ്ങള്‍ വായിക്കുകയാണ്. ‘എല്ലാം പിള്ളേരെ വഴി തെറ്റിക്കുകയാണ്’ ലൈന്‍ ആണ്. സമാന്തരലോകം തന്നെ അമ്മാവന്മാര്‍ക്ക് തെറ്റായ വഴിയാണ്. കാരണം അവര്‍ വന്ന വഴി അല്ല എന്നത് തന്നെ. ഇതൊക്കെ കാലാകാലം ആയി നടക്കുന്നതാണ്. തൊപ്പിയുടെ വീഡിയോ കണ്ടാല്‍ രണ്ടു കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ഒന്നുമല്ല വേണ്ടത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കാണുകയും ബാല്യകാല പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത് ഇത് പോലീസ് അല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടര്‍മാരും കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നാണ്.
കുട്ടികളുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ വികസിതലോകം ഇപ്പോള്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു. പക്ഷെ മാനസിക പ്രശ്‌നങ്ങളെ സമയത്ത് കണ്ടറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും നാട്ടില്‍ പൊതുവെ ശ്രദ്ധക്കുറവും താല്പര്യക്കുറവും ഉണ്ട്. കുട്ടികളുടെ കാര്യത്തില്‍ അത് ഏറ്റവും കുറവാണ്. ഇത് മാറണം. അയാളുടെ മാതാപിതാക്കള്‍ക്കും ശരിയായ കൗണ്‍സലിംഗ് നല്‍കണം. അയാളെ കുറ്റവാളിയായിക്കണ്ട് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നത് ദുരന്തത്തിനേ വഴി വെക്കൂ.
തൊപ്പിയുടെ വരവ് കേരള സമൂഹത്തിലെ അമ്മാവന്മാര്‍ക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ്. നിങ്ങളുടെ ചുറ്റുമുള്ള കുട്ടികളോട് ആ ലോകത്തെ പറ്റി ചോദിച്ച് മനസ്സിലാക്കണം. എന്തുകൊണ്ടാണ് ആ ലോകത്തെ ആളുകള്‍ അവരെ ‘ഇന്‍ഫ്‌ളുവന്‍സ്’ ചെയ്യുന്നതെന്ന് അറിയണം. എന്താണ് പുതിയ തലമുറയുടെ പ്രതീക്ഷകളും മൂല്യങ്ങളും പ്രശ്‌നങ്ങളും എന്ന് മനസ്സിലാക്കണം. എന്നാല്‍ മാത്രമേ അവരെക്കൂടി ഉള്‍പ്പെടുന്ന, അവര്‍ക്ക് കൂടി താല്പര്യം തോന്നുന്ന ഒരു സമൂഹം നമുക്ക് നിര്‍മ്മിക്കാന്‍ പറ്റൂ.