
തിരുവനന്തപുരത്ത് യുവതിയെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരത്ത് വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ വിദ്യ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
മരണവിവരം വിദ്യയുടെ അച്ഛനാണ് പൊലീസിനെ അറിയിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവിടെ പ്രശാന്തും വിദ്യയും രണ്ടും മക്കളും വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. വിദ്യയുടെ മരണത്തിൽ ബന്ധുക്കൾ സംശയമുന്നയിച്ചതോടെ വിദ്യയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യയും ഭർത്താവ് പ്രശാന്തും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. നിലവിൽ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പത്ത് വർഷം മുമ്പാണ് വിദ്യയും പ്രശാന്തും പ്രണയിച്ചു വിവാഹിതരായത്.