
“നട്ടാൽ കിളിക്കാത്ത നുണ; സ്വപ്നാരോപണം കേരളം പുച്ഛിച്ച് തള്ളും” – സിപിഎം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ നട്ടാൽ പൊടിക്കാത്ത നുണകളാണെന്നും കേരളീയ സമൂഹം ഇതിനെ പുച്ഛിച്ച് തള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കാറ്റ് പിടിക്കാതെ പോയ നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം നടത്തിയ ഏജൻസികളായ എൻഐഎ കേസ് അവസാനിപ്പിക്കുകയും കസ്റ്റംസ് ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രം നൽകുകയും ചെയ്തതാണ്. ഇഡി കുറ്റപത്രം നൽകുന്നതിനുള്ള അന്തിമമായ ഒരുക്കങ്ങളിലാണെന്നാണ് പറയുന്നത്. രാജ്യവ്യാപകമായി രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകൾ രൂപപ്പെടുന്നത് എന്നതും അങ്ങേയറ്റം സംശയാസ്പദമാണ്.
രഹസ്യ മൊഴി നൽകിയും അത്തു ഉടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നേരെ പോലും അപകീർത്തികരമായ പ്രസ്താവനകളാണ് സ്വർണകള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
ഒരിക്കൽ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് ഇപ്പോൾ ചിലർ കരുതുന്നത്. ഇത്തരത്തിൽ നട്ടാൽ കിളിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്തുവാനുള്ള ശ്രമങ്ങൾ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും.
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
