
വിജിലന്‍സ് റെയ്ഡ്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അനധികൃത നിയമനങ്ങള്‍ മുതല്‍ കൈക്കൂലി വരെ
വിജിലന്‍സിന്റെ ഓപ്പറേഷന്‍ ജ്യോതിയില്‍പ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും നടപടി എടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമാണ് റെയ്ഡ് നടന്നത്. എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപക/അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടും നിയമനം ക്രമവത്ക്കരിക്കല്‍, മാനേജ്‌മെന്റിന് ലഭിക്കുന്ന ഗ്രാന്റുകള്‍ പാസാക്കി കൊടുക്കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍, ശമ്പള നിര്‍ണ്ണയം, പി.എഫ് ലോണ്‍ പാസാക്കല്‍, വിവിധ തരം ലീവുകള്‍ സെറ്റില്‍ ചെയ്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കല്‍ എന്നിവയ്ക്ക് വേണ്ടി ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. 22ന് രാവിലെ 11 മണി മുതല്‍ സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ബി സെക്ഷനാണ് എയ്ഡഡ് സ്‌കൂളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സെക്ഷനുകളില്‍ 2018 മുതല്‍ അദ്ധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുള്ളതായും ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇല്ലാത്ത ഒഴിവുകളില്‍ നിയമനം നടത്തുന്നതായും ചില ഉദ്ദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി അത് ക്രമവത്ക്കരിച്ച് നല്‍കുന്നതായും കൈക്കൂലി നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയ എയ്ഡഡ് സ്‌കുളുകളിലെ തസ്തികകള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ അംഗീകാര ഉത്തരവുകള്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായും വര്‍ഷങ്ങളായി എയ്ഡഡ് മേഖലയില്‍ ജോലിനോക്കി വരുന്ന അദ്ധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം അനുവദിച്ച് നല്‍കാതിരിക്കുന്നതായും എയ്ഡഡ് സ്‌കൂള്‍ ഉദ്ദ്യോഗസ്ഥരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ്, ഇന്‍ക്രിമെന്റ് അരിയര്‍, ഡി.എ അരിയര്‍ എന്നിവ അനുവദിക്കുന്നതിലും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതായും സ്‌കൂളുകളിലെ ഓഫീസ് അറ്റന്‍ഡര്‍ വഴി കൈക്കൂലി നല്‍കുന്ന അപേക്ഷകളില്‍ മാത്രം ത്വരിതനടപടി സ്വീകരിക്കുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പരിശോധിക്കാനാണ് സംസ്ഥാനവ്യാപക മിന്നല്‍ പരിശോധന നടത്തി വരുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
ഓരോ അദ്ധ്യയനവര്‍ഷവും അധികമായി വരുന്ന ഡിവിഷനുകള്‍ക്ക് ആനുപാതികമായി അനുവദിക്കുന്നതിന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ജില്ലാ വിദ്യഭ്യാസ ഓഫീസുകളിലെ ചില ഉദ്ദ്യോഗസ്ഥര്‍ കൈക്കൂലിയ്ക്കായി വച്ച് താമസിപ്പിക്കുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് 2019 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭിച്ചിരുന്ന അപേക്ഷകള്‍ പരിശോധിച്ചതില്‍ കോട്ടയം (385), എറണാകുളം (443), കട്ടപ്പന (2019-ലെ 173 അപേക്ഷകള്‍ ഉള്‍പ്പെടെ 346), തൊടുപുഴ (2019-ലെ 123 അപേക്ഷകള്‍ ഉള്‍പ്പെടെ 246), മൂവാറ്റുപുഴ (222), താമരശ്ശേരി (220), മലപ്പുറം (218), വടകര (197), മണ്ണാര്‍കാട് (195),കോഴിക്കോട് (191), തിരൂരങ്ങാടി (190), പാലക്കാട് (187), പാല (179), കോതമംഗലം (157),കാഞ്ഞിരപ്പള്ളി (151), തളിപറമ്പ് (138), ഒറ്റപ്പാലം (123),വണ്ടൂര്‍-(120), കൊല്ലം (115), കടുത്തുരുത്തി (106),കണ്ണൂര്‍ (99),തിരൂര്‍ (96), കാസര്‍കോഡ് (90), തലശ്ശേരി (74), കാഞ്ഞങ്ങാട് (69), ഇരിങ്ങാലക്കുട (37), തൃശ്ശൂര്‍ (26),പത്തനംതിട്ട (25), കല്പറ്റ (19), കൊട്ടാരക്കര (14), മലപ്പുറം (8), ആലപ്പുഴ (8), പുനലൂര്‍ (3), തിരുവല്ല (2 ) എന്നീ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിയമനാംഗീകാരത്തിനും മറ്റുമുള്ള അപേക്ഷകള്‍ വച്ച് താമസിപ്പിച്ചതായും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ജില്ല വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പി.എ, ജൂനിയര്‍ സൂപ്രണ്ട് തുടങ്ങി വിവിധ സെക്ഷനുകളിലുമാണ് ഫയലുകള്‍ നടപടികള്‍ സ്വീകരിക്കാതെ വച്ച് താമസിപ്പിക്കുന്നതെന്നും ഇന്നലെ മുതല്‍ നടത്തുന്ന മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.
രണ്ടു ദിവസം നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എയ്ഡഡ് അദ്ധ്യാപക-അനദ്ധ്യാപക നിയമനവുമായും മറ്റ് ആവശ്യങ്ങളുമായും ബന്ധപ്പെട്ടും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ചതില്‍ ആകെ 4699 അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ഇതു കൂടാതെ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എല്‍.പി. യു.പി വിഭാഗത്തില്‍ 2020, 2021, 2022 എന്നീ കാലയളവുകളില്‍ 2190 റിവിഷന്‍ അപ്പീല്‍ പെറ്റീഷനുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 387 റിവിഷന്‍ അപ്പീല്‍ പെറ്റീഷനുകളും ഉള്‍പ്പെടെ ആകെ 2577 ഫയലുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സൂക്ഷിച്ചിട്ടുള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കോതമംഗലം ജില്ല വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ വരുന്ന ഒരു എയ്ഡഡ് സ്‌കൂളിലെ അപ്പര്‍ പ്രൈമറി ക്ലാസ്സുകളിലേയ്ക്ക് 2019-ല്‍ നടത്തിയ മൂന്ന് അനധികൃത അദ്ധ്യാപക നിയമനം ക്രമവത്ക്കരിച്ച് നല്‍കുന്നതിന് സമര്‍പ്പിച്ച അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിരസിച്ചിട്ടും ഈ അദ്ധ്യാപകര്‍ ശമ്പളമില്ലാതെ അതേ സ്‌കൂളില്‍ പ്രവൃത്തിയെടുത്ത് വരുന്നതായി മിന്നല്‍ പരിേേശാധനയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലെ ചില എയ്ഡഡ് സ്‌കൂളുകളിലും അദ്ധ്യാപകര്‍ ഇങ്ങനെ ജോലി ചെയ്യുന്നതായും, ഈ അദ്ധ്യാപകര്‍ അംഗീകാരവും ശമ്പളവുമില്ലാതെ ജോലി നോക്കുന്നത്, പിന്നീട് സര്‍ക്കാരില്‍ നിന്നും മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നേടിയെടുക്കുന്നതിനാണെന്നും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെപ്പറ്റി കൂടുതല്‍ അന്വേഷണം ഉടന്‍ നടത്തും. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 48 -ഉം, മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 35-ഉം, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 34-ഉം, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 25-ഉം അദ്ധ്യാപക തസ്തികകള്‍ ക്രമരഹിതമായി അംഗീകരിച്ച് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.
കൂടാതെ അദ്ധ്യാപക/അനദ്ധ്യാപകരുടെ പി.എഫ്, വാര്‍ഷിക ഇന്‍ക്രിമെന്റ്, ഇന്‍ക്രിമെന്റ് അരിയര്‍, ഡി.എ അരിയര്‍, ലീവ് സെറ്റില്‍മെന്റ് എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളിലും നടപടികള്‍ സ്വീകരിക്കാതെ മാസങ്ങളോളം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സെക്ഷനുകളില്‍ വച്ച് താമസിപ്പിക്കുന്നതായും പല ബില്ലുകളും മാസങ്ങള്‍ കഴിഞ്ഞാണ് പാസാക്കിയിട്ടുള്ളതെന്നും എന്നാല്‍ ചില അപേക്ഷകളില്‍ ത്വരിതഗതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. ഭിന്നശേഷിക്കാര്‍ക്കുള്ള നിയമനത്തിന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് സമന്വയ സോഫ്റ്റ് വെയര്‍ വഴി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും പല എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും അതില്‍ വീഴ്ച വരുത്തുന്നതായും വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടും മറ്റുമുള്ള വിവിധ അപേക്ഷകളില്‍ വരും ദിവസങ്ങളിലും വിശദമായ പരിശോധന തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം ഐ.ജി.പി. ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുക്കുന്നു. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഇന്റലിജന്‍സ് പോലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന്‍ നേതൃത്വം വഹിക്കുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു