
ചോദ്യംചെയ്യലിനിടെ വിദ്യ കുഴഞ്ഞു വീണു; നിർജലീകരണം സംഭവിച്ചതാണെന്ന് ഡോക്ടർ, ആശുപത്രിയിൽ തുടരും
അഗളി ഡിവൈഎസ്പി ഓഫിസിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ.വിദ്യ കുഴഞ്ഞുവീണു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിദ്യയെ
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. നിർജലീകരണം സംഭവിച്ചതാണെന്നും, വിദ്യയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വിദ്യ ആശുപത്രിയിൽ തുടരും.
ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കണം.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ തസ്തികയിൽ ജോലി ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു.
വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.
