
ആദിപുരുഷിന്റെ വിലക്ക് നീക്കി നേപ്പാള്‍ ഹൈക്കോടതി, ‘സര്‍ക്കാരും കോടതിയും ഇന്ത്യയുടെ അടിമ’; വിമര്‍ശനം
ആദിപുരുഷ് വിവാദങ്ങള്‍ക്ക് പിന്നാലെ ഹിന്ദി സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി നേപ്പാള്‍ കോടതി. ആദിപുരുഷില്‍ സീതയെ ഇന്ത്യയുടെ മകള്‍ എന്നു വിളിച്ചതാണ് നിരോധനത്തിന് കാരണമായത്. നേപ്പാളിനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു നടപടി.
നേപ്പാള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നിരോധനം നീക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇറക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുവാദം ലഭിച്ച ചിത്രങ്ങള്‍ പ്രദര്‍ശനം തടയരുതെന്ന് വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ബോളിവുഡ് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുമെന്നും നേപ്പാള്‍ മോഷന്‍ പിക്ചര്‍ അസോസിയേഷന് പ്രസിഡന്റ് വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണ് നേപ്പാളില്‍ ബോളിവുഡ് സിനിമകള്‍ക്ക് നിരോധനം വന്നത്. രാമായണത്തെ ആസ്പദമാക്കി ഓം റൗത്ത് ഒരുക്കിയ ആദിപുരുഷില്‍ സീതയെ തെറ്റായി ചിത്രീകരിച്ചു എന്നാണ് ആരോപണം. നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സീതയെ ഇന്ത്യയുടെ പുത്രി എന്ന് ചിത്രത്തില്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.
നിരോധനം നീക്കിയതിനെ വിമര്‍ശിച്ചുകൊണ്ട് കാഠ്മണ്ഡു മേയര്‍ രംഗത്തെത്തി. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എന്ത് ശിക്ഷയും ഏറ്റുവാങ്ങാനും താന്‍ തയാറാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നേപ്പാള്‍ പണ്ട് ഇന്ത്യയുടെ ഭാഗമാണ് എന്നാണ് ചിത്രത്തിന്റെ എഴുത്തുകാരന് പറഞ്ഞത്. ഇന്ത്യയുടെ വൃത്തികെട്ട ഉദ്ദേശമാണ് ഇതിലൂടെ പുറത്തുവന്നത്. കോടതിയും സര്‍ക്കാരുമെല്ലാം ഇന്ത്യയുടെ അടിമകളാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.