
തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ച നിലയിൽ; ശുചിമുറിയിൽ തലയിടിച്ചു വീണെന്ന് ഭർത്താവ്
തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന വിദ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിദ്യയെ ബോധമില്ലാതെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശുചിമുറിയിൽ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭർത്താവ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്. എന്നാൽ അമ്മ കട്ടിലിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് വിദ്യയുടെ മകൻ വീട്ടുകാരെ അറിയിച്ചത്. ഇവർ എത്തുമ്പോൾ തറയിൽ കിടക്കുന്ന രീതിയിലാണ് വിദ്യയെ കണ്ടത്. ഫൊറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പ്രശാന്തിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു.