titan-titanic-sottomarino-sea

കോടികള്‍ മുടക്കി കടലിനടിയില്‍ മരിക്കാന്‍ പോയവര്‍

ശാപം പിടിച്ച ടൈറ്റാനിക്, ശാപം പോലെ ടൈറ്റനും

ടൈറ്റന്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ മരിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം

എ.എസ്. അജയ്‌ദേവ്

കോടികള്‍ മുടക്കി മരണത്തെ പുല്‍കിയ അഞ്ചുപേരുടെ കഥയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ശാപം പിടിച്ച വാക്കായി മാറിയ ടൈറ്റാനിക് പോലെത്തന്നെയാണ് ടൈറ്റന്‍ എന്ന അന്തര്‍ വാഹിനിയുടെ അവസ്ഥയും. ആമസോണില്‍ കാണാതായ പിഞ്ചു കുഞ്ഞുളെ ഒരു പോറല്‍പോലുമേല്‍ക്കാതെ തിരിച്ചു കിട്ടിയതിന്റെ സന്തോഷം വിട്ടുമാറും മുന്‍പാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചുള്ള യാത്രികരുടെ മരണവാര്‍ത്ത വരുന്നത്. നടുക്കുന്ന ദുരന്തമായാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഓഷ്യന്‍ ഗേറ്റ് ടൈറ്റന്‍ അന്തര്‍വാഹിനിയുടെ യാത്ര അവസാനിച്ചത്. ‘ടൈറ്റന്‍’ ജലപേടകത്തില്‍ അഞ്ചു യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൊഗര്‍ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം. സബ്മറൈന്‍ താഴേക്കുള്ള യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ അതിന്റെ സര്‍ഫസ് റിസര്‍ച്ച് വെസലുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. ഏതാണ്ട് അതേ സമയത്ത് തങ്ങളുടെ മാപിനികള്‍ പിടിച്ചെടുത്ത ഒരു അകോസ്റ്റിക് -(ശബ്ദ)തരംഗം ഈ മുങ്ങിക്കപ്പല്‍ കടലിന്റെ അടിയില്‍ വെച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ആണെന്നാണ് അനുമാനിക്കാന്‍ കഴിയുന്നത് എന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. നേരത്തെ റെസ്‌ക്യൂ വിമാനങ്ങള്‍ക്ക് കിട്ടിയ അകോസ്റ്റിക് ബാങ്ങിങ് നോയ്സ് പ്രദേശത്തുകൂടി സഞ്ചരിച്ച മറ്റേതെങ്കിലും കപ്പലിന്റെ ആയിരുന്നിരിക്കാം എന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്.

ഒരു കനേഡിയന്‍ കപ്പലില്‍ നിന്ന് പുറപ്പെട്ട ROV (റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍) കാനഡയിലെ ന്യൂ ഫൗണ്ട് ലാന്‍ഡില്‍ ഉള്ള, സെന്റ് ജോണ്‍സില്‍ നിന്ന് 400മൈല്‍ അകലെ ഉള്‍ക്കടലില്‍ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ മുന്‍ ഭാഗത്തിന്റെ അവശിഷ്ടത്തില്‍ നിന്ന് 1600 അടി – (488m) അകലെയായി കിടക്കുന്ന നിലയില്‍ ഈ അന്തര്‍വാഹിനിയുടെ ടെയില്‍ കോണ്‍ കണ്ടെത്തുകയായിരുന്നു. സമുദ്രോപരിതലത്തില്‍ നിന്ന് 2.5 മൈല്‍ താഴെ ( 4 km) താഴെയായിട്ടാണ് ഇത് കണ്ടെത്തിയത്. 22 അടി, (6.7m) നീളമാണ് ഈ അന്തര്‍വാഹിനിക്ക് ഉള്ളത്. നടുക്ക് ഒരു പ്രഷര്‍ ചേംബര്‍, അതിന്റെ പിന്‍ ഭാഗത്ത് ഒരു ടെയില്‍ കോണ്‍, മുന്നില്‍ ഒരു വ്യൂവിങ് ഹാച്ച് എന്നിങ്ങനെ ആണ് ഈ സബ് മറൈന്റെ ഡിസൈന്‍. കടലിന്റെ അടിത്തട്ടില്‍ ചിതറി കിടക്കുന്ന രീതിയില്‍ ഓഷ്യന്‍ ഗേറ്റ് ടൈറ്റന്റെ അഞ്ചു ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

2018 ല്‍ അന്തര്‍ വാഹിനി വിദഗ്ധരുടെ ഒരു സിമ്പോസിയം ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ അന്തര്‍വാഹിനി യാത്രകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ല എന്ന് കാണിച്ച് കമ്പനിക്ക് ഒരു കത്തെഴുതിയിരുന്നു. അവരുടെ അന്നത്തെ ആശങ്കകളാണ് ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നത്. നിരവധി കപ്പലുകളുടെയും വിമാനങ്ങളുടെയും സഹായത്തോടെ കഴിഞ്ഞ 72 മണിക്കൂറില്‍ അധികംനേരം ചെലവിട്ട്, ഒരു വലിയ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്‍ തന്നെ ഈ സബ്മറൈന്‍ കണ്ടെത്താന്‍ വേണ്ടി നടന്നിരുന്നു. വലിയ മാധ്യമ ശ്രദ്ധ തന്നെയാണ് ഈ മുങ്ങിക്കപ്പലിന്റെ തിരോധാനത്തിന് കിട്ടിയത്. ഏതാണ്ട് ഇതേസമയത്ത് ഗ്രീസ് പരിസരത്തുവെച്ച് എഴുനൂറോളം പേര്‍ കയറിയ മറ്റൊരു അഭയാര്‍ത്ഥി കപ്പല്‍ മുങ്ങിയിരുന്നു.

അതിലേക്ക് പോലും, ഈ മുങ്ങിക്കപ്പലിന്റെ തിരോധനത്തിലേക്ക് പതിഞ്ഞത്ര മാധ്യമ ശ്രദ്ധ പതിഞ്ഞിരുന്നില്ല. ടൈറ്റന്‍ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ തീര്‍ന്നിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 18നാണ് സഞ്ചാരികള്‍ കടലിനടിയിലേക്ക് പോയത്. അന്തര്‍വാഹിനിയില്‍ 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനാണ് ഉണ്ടായിരുന്നത്. ലോകചരിത്രത്തിലെ അസാധാരണമായ ഒരു തെരച്ചിലിനാണ് അറ്റ്‌ലാന്റിക് സമുദ്രം സാക്ഷ്യം വഹിച്ചത്. 1912 ല്‍ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ലാണ് ഗവേഷകര്‍ കണ്ടെത്തിയത്.

നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ കാണാന്‍ ലോകത്തിലെ കോടീശ്വരന്‍മാര്‍ കടലിന്റെ അടിത്തട്ടിലേക്ക് പോകാറുണ്ട്. ഒഷ്യന്‍ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടല്‍ ടൂറിനായി ഒരാള്‍ നല്‍കേണ്ട ഫീസ് രണ്ട് കോടി രൂപയാണ്. എട്ട് മണിക്കൂര്‍ സമയത്തില്‍ കടനിലിനടിയില്‍ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്.

പേടകത്തില്‍ ഇത്തവണ പോയവര്‍

അഞ്ച് പേരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഈ കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.

collage-governour-priya-varghese-calicut-university Previous post പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ല,സുപ്രീംകോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്’
house-wife-dead-trivandrum-murder Next post തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ച നിലയിൽ; ശുചിമുറിയിൽ തലയിടിച്ചു വീണെന്ന് ഭർത്താവ്