collage-maker-vidya-fake-certificate-sfi-cpm-missing

വ്യാജ രേഖ കേസ്: വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി

ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം

വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് സെൽഫി. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന  വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നത്  സുഹൃത്തിൻ്റെ ഫോണിലൂടെയായിരുന്നു. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പെന്നും കണ്ടെത്തി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് പറഞ്ഞു. 

അതേ സമയം, അറസ്റ്റിലായ കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിന്‍റെ വീട്ടിലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.

മുൻ എസ്എഫ്ഐ നേതാവായ വിദ്യയുടെ റിമാന്‍റ് റിപ്പോർട്ട് പുറത്ത് നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഘവന്‍റെ മകനാണ് റോവിത് കുട്ടോത്ത്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. വിദ്യയ്ക്ക് പുറത്ത് നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 24ന് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ  പോലീസിനോട് പറഞ്ഞു.

പക്ഷെ വിദ്യ പരസ്പര വിരുദ്ധമായ മൊഴികളാണ് പലപ്പോഴായി നൽകിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മഹാരാജാസ് കോളേജിൽ അധ്യാപികയായി 20 മാസം പ്രവർത്തിച്ചുവെന്ന് ബയോ ഡാറ്റയിൽ രേഖപെടുത്തിയത് താൻ തന്നേനയാണെന്നും വിദ്യ സമ്മതിച്ചു. എന്നാൽ കോളേജിന്റെ പേര് മാറിപ്പോയെന്നാണ് ഇതിന് നൽകിയ വിശദീകരണം. അറസ്റ്റ് ചെയ്ത ശേഷം വിദ്യയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയത് മെഡിക്കൽ സംഘത്തെ അഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചാണ്. രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ കോടതിയിൽ പ്രതിഭാഗം എതിർത്തു. സുപ്രീം കോടതി മാനദണ്ഡങ്ങൾ പോലും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

Leave a Reply

Your email address will not be published.

case-police-arrest-home-stay-kerala Previous post കൈക്കൂലി കേസ്: ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ
collage-governour-priya-varghese-calicut-university Next post പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ഹൈക്കോടതി വിധി അന്തിമമല്ല,സുപ്രീംകോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്’