
നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ മിൽമ
കർണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകൾ തുറക്കും
കേരളത്തിൽ പാൽവിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ തിരിച്ചടിക്കാൻ മിൽമ. കർണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകൾ തുറക്കാനാണ് മിൽമയുടെ തീരുമാനം. എന്നാൽ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ഔട്ട്ലെറ്റുകളിലൂടെ പാൽ വിൽക്കില്ല. പകരം പാൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാണ് തീരുമാനമെന്നും കെ.എസ്. മണി പറഞ്ഞു.
ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചതാണ് വിവാദമാകുന്നത്. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാൻഡ് കേരളത്തിൽ 6 ഔട്ട്ലെറ്റുകൾ തുടങ്ങി. 3 ഔട്ട്ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂർ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.