
വളയിട്ട കൈയ്യില്‍ മെരുങ്ങി മുട്ടന്‍ പെരുമ്പാമ്പ് (എക്സ്ക്ലൂസീവ്)
രണ്ടു കോഴികളെ വിഴുങ്ങി, രണ്ടെണ്ണത്തിനെ കൊന്നു, റോഷ്നി പിടിച്ച പെരുമ്പാമ്പിന് 10 അടി നീളം
എ.എസ്. അജയ്ദേവ്
രണ്ടു വലിയ കോഴികളെ വിഴുങ്ങി. എന്നിട്ടും മതിവരാതെ രണ്ടു കോഴികളെ കടിച്ചു കൊന്ന് തിന്നാന്‍ ശ്രമിച്ച ഭീമന്പെരുമ്പാമ്പിനെ പിടികൂടി. വനംവകുപ്പിലെ പെണ്‍പുലിയെന്നറിയപ്പെടുന്ന ഉദ്യോഗസ്ഥ റോഷ്നിയാണ് അതി വിദഗ്ധമായി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. കുറ്റിച്ചല്‍ പച്ചക്കാട് ചാമുണ്ഡി നഗറിലെ സതീശന് ആശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പത്തടിയോളം നീളവും, 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിന് മൂന്നു വയസ്സ് പ്രായമുണ്ടാകുമെന്നാണ് അനുമാനം. ഇതുവരെ 400 ഓളം വിവിധ ഇനം പാമ്പുകളെ റോഷ്നി ജനവാസ മേഖലയില്‍ നിന്നും പിടികൂടി ഉള് വനത്തില്‍ വിട്ടിട്ടുണ്ട്. ഇഴജന്തുക്കളെ ധൈര്യപൂര്‍വ്വം പിടികൂടുന്ന വനിത എന്നാണ് റോഷ്നിയെ അറിയപ്പെടുന്നത്.

പരുത്തിപ്പള്ളി റേഞ്ച് ആര്‍ആര്‍ടി ബിഎഫ്ഒ ആയ റോഷ്നി രാവിലെ 6.30ക്ക് ഡ്യൂട്ടിക്കെത്തിയപ്പോഴാണ് സതീശന് ആശാരിയുടെ പേടിച്ചു വിറച്ചുള്ള ഫോണ്‍ വരുന്നത്. വേഗത്തില്‍ വാഹനവുമെടുത്ത് റോഷ്നി കുറ്റിച്ചലെത്തി. കോഴിക്കൂട്ടില്‍ കിടന്ന പെരുമ്പാമ്പിനെ വാലില്‍ തൂക്കിയെടുക്കാന്‍ ശ്രമിച്ചതോടെ പാമ്പ് ശൗര്യം കാട്ടി. ചീറിയടുത്തും, കടിക്കാന്‍ ശ്രമിച്ചും കോഴിക്കൂട്ടില്‍ത്തന്നെ കിടന്ന പെരുമ്പാമ്പിനെ ചാക്കിലാക്കാന്‍ റോഷ്നിക്ക് ഏറെ സമയമെടുക്കേണ്ടി വന്നില്ല. പിടികൂടിയ പാമ്പുമായി വനംവകുപ്പധികൃതര്‍ റേഞ്ച് ഓഫീസില്‍ 8 മണിയോടെ തിരിച്ചെത്തി. പാമ്പിനെ ഉള് വനത്തില്‍ കൊണ്ടു വിടാനാണ് തീരുമാനം.

അതേസമയം, ഏതു കാട്ടിലാണ് വിടുന്നതെന്നോ, എപ്പോഴാണ് വിടുന്നതെന്നോ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തില്ല. നാട്ടുകാരുടെ എതിര്‍പ്പ് ഭയന്നാണിത്. വനംവകുപ്പിന്റെ റെസ്ക്യൂ വാന്‍ കാണുമ്പോള്‍ തന്നെ നാട്ടുകാര്‍ ആക്രമണ സ്വഭാവത്തോടെ പെരുമാറാറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നാട്ടിലിറങ്ങുന്ന മൃഗങ്ങളെല്ലാം, വനംവകുപ്പ് അധികൃതര്‍ പിടികൂടി ഉള്‍വനത്തില്‍ വിടുന്നവയാണ് എന്നാണ് ജനങ്ങളുടെ വ്യാപക പരാതി. എന്നാല്‍, പിടികൂടുന്ന ഇഴജന്തുക്കളെ കീഴ്ക്കാം തൂക്കായ കൊക്കകളിലാണ് തുറന്നു വിടുന്നത്. ഇവയ്ക്ക് തിരിച്ചു വരാനാകാത്ത സ്ഥലങ്ങളില്‍ സുരക്ഷിതമായി തുറന്നു വിടുകയാണ് ചെയ്യുന്നത്. ജനവാസ മേഖലയില്‍ എത്തുന്ന കാട്ടു മൃഗങ്ങളെ വനത്തില്‍ അല്ലാതെ മറ്റെവിടെയാണ് തുറന്നു വിടേണ്ടതെന്ന മറു ചോദ്യവും ഉദ്യോഗസ്ഥര്‍ ചോദിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ബോണക്കാട്, പൊന്മുടി വനപ്രദേശങ്ങളിലാകും ഭൂരിഭാഗം മൃഗങ്ങളെയും തുറന്നു വിടുന്നത്.