ഉയിരെടുത്ത സിക്ക, ഗര്‍ഭം അലസിപ്പിച്ച് യുവതി (എക്സ്ക്ലൂസീവ് )
സി. അനില്‍ലാല്‍
പിറക്കാനിരുന്ന പൊന്നോമനയെ സിക്കാ രോഗം കൊണ്ടുപോയി…..മൂന്നുമാസം ഗര്‍ഭിണി ആയിരിക്കെ, സിക്കാരോഗം പിടിപെട്ട കുളത്തൂര്‍ സ്വദേശിനിക്കാണ് ഗര്‍ഭം അലസിപ്പിക്കേണ്ട ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവും സിക്കാരോഗ ബാധിതനായിരുന്നു. കടുത്ത പനിയും ശരീരമാസകലം കുരുക്കളും, കണ്ണു ചുവന്ന് തടിക്കലും, സന്ധികള്‍ക്കും പേശികള്‍ക്കും വേദനയും അനുഭവപ്പെട്ടതോടെയാണ് ദമ്പതികള്‍ ഏഴുദിവസം മുമ്പ് ആശുപത്രിയിലെത്തിയത്. തേടിയത്. ആശുപത്രിയില്‍ നടത്തിയ രക്ത പരിശോധനയില്‍ സിക്കാപനി പിടിപെട്ടുവെന്ന സംശം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും രക്ത സാമ്പിളുകള്‍ തോന്നയ്ക്കല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചു. അവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഇരുവര്‍ക്കും സിക്കാപ്പനി സ്ഥിരീകരിച്ചത്.
സിക്കാരോഗം പിടിപെടുമ്പോള്‍ യുവതി മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭകാലത്ത് സിക്കാപ്പനി പിടിപെട്ടാല്‍ ഗര്‍ഭാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞിന് അംഗ വൈകല്യം സംഭവിച്ചേക്കാം. കേള്‍വി ശക്തി നഷ്ടമാവുകയോ, കണ്ണുകള്‍ക്ക് കാഴ്ച വൈകല്യം സംഭവിക്കുകയോ. അസ്ഥികള്‍ക്ക് വളര്ച്ചയുണ്ടാകാതിരിക്കുകയോ ചെയ്യാനും സാധ്യത കൂടുതലാണ്. ഇക്കാര്യം വിദഗ്ദ്ധ പരിശോധനയില്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യുവതി ഗര്‍ഭം അലസിപ്പിക്കാന്‍ തയ്യാറായത്. പിറക്കാന്‍ പോകുന്ന കുഞ്ഞിന് വൈകല്യങ്ങള്‍ സംഭവിക്കുമോയെന്ന ആശങ്കയും വിഷമവും യുവതിയെ വല്ലാതെ തളര്‍ത്തിയിരുന്നു. ആശുപത്രി അധികൃതര്‍ രോഗത്തിന്റെ ഗൗരവം രോഗിയെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍, സിക്കാരോഗം പിടിപെടുന്ന സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഗര്‍ഭിണികളായ രോഗികള്‍ക്ക് ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗദ്ധര്‍ പറയുന്നത്.
ഗര്‍ഭിണികള്‍ക്ക് സിക്കാപ്പനി പിടിപെട്ടാല്‍ മൂന്നുമാസം രക്ത പരിശോധനയും നിരീക്ഷണവും അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകളാണ് സിക്കാപ്പനി പടര്‍ത്തുന്നത്. ഈഡിസ്, അനോഫലി എന്നീ വര്‍ഗത്തില്‍പ്പെട്ട കൊതുകുകള്‍ പെറ്റുപെരുകിയാണ് രോഗത്തിന്റെ തീവ്രത കൂട്ടുന്നത്. അടച്ചിട്ടിരിക്കുന്ന ഫ്ളാറ്റുകള്‍, ഇന്റീരിയര്‍ പ്ലാന്റുകള്ക്കുള്ളിലെ വെള്ളത്തിലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നുണ്ട്. തിരുവനന്തപുരത്ത് സിക്കരോഗം ബാധിച്ച ദമ്പതികള്‍ ഫ്ളാറ്റിലാണ് താമസിക്കുന്നത്. നാവായിക്കുളം സ്വദേശിക്കും സിക്കാരോഗം സ്ഥിരീകരിച്ചിട്ടുണ്ട്.