
പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചു; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു
വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയായ സന്നദ്ധപ്രവർത്തകൻ സെയ്ഫുദ്ദീൻ പാടത്തും, എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖ്റും നൽകിയ പരാതിയിലാണ് നടപടി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയെന്നും, ഉച്ചത്തിൽ തെറിപ്പാട്ട് പാടി പാടിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ പരാതി നൽകിയത്.
വളാഞ്ചേരിയിലെ കട ഉദ്ഘാടത്തിൽ തൊപ്പിയെ നേരിട്ട് കാണാനായി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി കൗമാരക്കാരാണ് വന്നിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആൾക്കൂട്ടവും സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.