
പകർച്ചപ്പനി തടയുവാൻ കർമ്മ പദ്ധതിയുമായി ഐ എം എ
കേരളത്തിൽ പടർന്നു പിടിക്കുന്ന പകർച്ചപ്പനി തടയുവാൻ കർമ്മ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വൈറൽ ഫീവറും, ഡെങ്കിപ്പനിയും, എലിപ്പനിയും, മറ്റു ചില പനികളും പടരുന്നത് തടയുവാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരും എല്ലാവിധത്തിലും സഹകരിക്കും.
ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
പകർച്ചപ്പനിയെ കുറിച്ചുള്ള ഏറ്റവും പുതിയ വ്യതിയാനങ്ങൾ അറിയിക്കുവാനും ചികിത്സാരീതിയിൽ വരുത്തേണ്ട ചുവടു മാറ്റങ്ങൾ അറിയിക്കുവാനും കേരളത്തിലെ ഡോക്ടർമാർക്ക് വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ഇത്തരം പരിശീലന പരിപാടിയുടെ ആദ്യ സെഷൻ നാളെ വൈകുന്നേരം വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തും. ഡെങ്കിപ്പനി തടയുവാൻ ആഴ്ചയിൽ ഒരിക്കൽ വരണ്ട ദിനം ആചരിക്കേണ്ടതിന്‍റെ ആവശ്യകത ഐ എം ഇ എല്ലാവരെയും ഓർമിപ്പിക്കുന്നു. വീടുകളിലും, സ്കൂളുകളിലും, ഓഫീസുകളിലും, ആശുപത്രികളിലും, കെട്ടിടത്തിനുള്ളിലും പുറത്തും കെട്ടിക്കിടക്കുന്ന ശുദ്ധജല ശ്രോതസുകൾ ആഴ്ചയിൽ ഒരിക്കൽ നിർമാർജനം ചെയ്യണം.
ഈ പദ്ധതിക്ക് സ്കൂൾ കുട്ടികളുടെ ശക്തമായ പങ്കാളിത്തം ഉപയോഗപ്രദമാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് പാത്രങ്ങളിൽ വളരുന്ന കൊതുകുകളുടെ വളർച്ച പെട്ടെന്നായതിനാൽ അത്തരം ഉറവിടങ്ങൾ നശിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന ആൾക്കാർ ആഴ്ചയിലൊരിക്കൽ ഡൊക്സിസൈക്ലിൻ ഗുളിക 200 മില്ലിഗ്രാം കഴിക്കണം.
ആദ്യം തന്നെ ചികിത്സ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ എലിപ്പനി മരണകാരണമാകാൻ സാധ്യതയുണ്ട്.
സ്വയം ചികിത്സ എടുക്കാതെ ആധുനിക വൈദ്യശാസ്ത്ര ശാഖയുടെ സഹായം എത്രയും പെട്ടെന്ന് തേടുന്നത് മരണനിരക്കിൽ ഗണ്യമായ കുറവ് വരുത്തുമെന്നും ഐഎംഎ വിലയിരുത്തി. തുടർ വിദ്യാഭ്യാസ പരിപാടികൾ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് കേരളത്തിലെ 108 ശാഖകളിലും ഐഎംഎ നടപ്പിലാക്കും . ആശുപത്രികളും മെഡിക്കൽ കോളേജുകളും സന്ദർശിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ “സ്ട്രൈഡ്” എന്ന യാത്ര ഇന്ന് കോട്ടയം പത്തനംതിട്ട ജില്ലകളിൽ പര്യടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടർനടപടികൾ ആവശ്യപ്പെടുന്നു. സുരക്ഷിതമായ സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐഎംഎ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി.
ഐ എം എ യുടെ യാത്ര വരും ദിവസങ്ങളിൽ കൊച്ചി ,തൃശ്ശൂർ ജില്ലകളിൽ പര്യടനം നടത്തും.