
പ്രണയബന്ധത്തിന് കുട്ടി തടസ്സമാകും; രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് അടിച്ചുകൊന്നു
പ്രണയ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി രണ്ടരവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മാങ്ങാട് താമസിക്കുന്ന ലാവണ്യ, കാമുകന് മണികണ്ഠന് എന്നിവരാണ് ലാവണ്യയുടെ മകൻ സര്‍വേശ്വരനെ കൊലപ്പെടുത്തിയത്. രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ലാവണ്യയും ഭര്‍ത്താവ് സെല്വപ്രകാശവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ലാവണ്യക്കൊപ്പം താമസിച്ചിരുന്ന കുഞ്ഞ് കഴിഞ്ഞ മാസമാണ് മരിച്ചത്. വീട്ടിനുള്ളില്‍ വീണ് തലയ്ക്ക് പരിക്കേറ്റാണ് മകൻ മരിച്ചതെന്നാണ് ലാവണ്യ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ ഈ വിവരമൊന്നും സെല്വപ്രകാശിനെ അറിയിക്കാതെ മകന്റെ സംസ്കാര ചടങ്ങുകള്‍ ഉടന്‍ തന്നെ നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മകനെ കാണാനെത്തിയപ്പോഴാണ് ഇയാൾ മരണ വിവരം അറിയുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് അയൽക്കാർ കൂടി പറഞ്ഞതോടെ സെൽവപ്രകാശ് പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലാവണ്യയും മണികണ്ഠനും ചേര്‍ന്ന് കുട്ടിയെ അടിച്ചു കൊന്നതാണെന്ന് കണ്ടെത്തിയത്.
തങ്ങളുടെ ബന്ധത്തിന് കുട്ടി തടസ്സമാക്കുന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്കി. സെല്വപ്രകാശവുമായി പിരിഞ്ഞതിന് ശേഷം ലാവണ്യക്കൊപ്പം താമസമാക്കിയ മണികണ്ഠന് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നെന്നും പോലീസ് പറഞ്ഞു. രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.