
കെട്ടിച്ചമച്ച കേസ്: നിയമപരമായി നേരിടുമെന്ന് വിദ്യ
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ. വിദ്യ. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തോടും വിദ്യ പറഞ്ഞിരുന്നു. വൈദ്യപരിശോധനക്കു ശേഷം വിദ്യയെ മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോയി. ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മെഡിക്കല്‍ സംഘം വിദ്യയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചത്.
ഇതിനിടെ വിദ്യയെ അറസ്റ്റ് ചെയ്യാനായി നീലേശ്വരം പൊലീസും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ അപേക്ഷ നല്‍കും. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് പോലീസ് അഗളിയില്‍ എത്തിച്ചത്. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യ പറഞ്ഞത്.
അക്കാദമിക് നിലവാരം ഉള്ളതിനാലാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം കിട്ടിയത്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ് ആരോപണത്തിനു പിന്നിലുള്ളത്. താനും കുടുംബവുമെല്ലാം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും വിദ്യ പൊലീസില്‍ മൊഴിനല്‍കി.
കേസ് റജിസ്റ്റര്‍ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യയെ പോലിസ് പിടികൂടുന്നത്. ഇതില്‍ പൊലീസിന്റെ അനാസ്ഥക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചിക്കാന്‍ വേണ്ടി വ്യാജ രേഖയുണ്ടാക്കല്‍, യഥാര്‍ത്ഥ രേഖയെന്ന രീതിയില്‍ അത് ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.