
യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; വരുമാനത്തിനനുസരിച്ച് നികുതി അടക്കുന്നില്ലെന്ന് പരാതി
കേരളത്തിൽ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നടിയും അവതാരകയുമായ പേർളി മാണി ഉൾപ്പെടെയുള്ള പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്നാണ് വിവരം. ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് പരാതി.