
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി നയിച്ച യുഎന്നിലെ യോഗ അഭ്യാസ ചടങ്ങ്
യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒരു യോഗ അഭ്യാസത്തിൽ പങ്കെടുത്തുവെന്ന റെക്കോർഡാണ് ലഭിച്ചത്. ഒൻപതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ് യുഎസ് ആസ്ഥാനത്ത് മോദിയുടെ നേതൃത്വത്തിൽ യോഗ നടത്തിയത്.
180ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് യോഗ അഭ്യാസ ചടങ്ങിൽ ഭാഗമായത്. ഐക്യരാഷ്ട്ര സംഘടന പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി, ഹോളിവുഡ് നടൻ റിച്ചാർഡ് ഗെരെ, ന്യൂയോർക്ക് മേയർ എറിക് ആദംസ്, യുഎൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ.മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖർ മോദിയൊടൊപ്പം യോഗ അഭ്യസിച്ചിരുന്നു.
‘‘ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും മുൻപെങ്ങും ഉണ്ടാകാത്തതുമാണ്’’ എന്ന് പ്രധാനമന്ത്രി രാജ്യാന്തര യോഗാദിന സന്ദേശത്തിൽ പറഞ്ഞിരുന്നു.