sasi-tharoor-yoga-forign-comtries

യോഗയെ ജനകീയമാക്കിയതിന് കോൺഗ്രസിന്റെ നന്ദി നെഹ്റുവിന്; മോദിക്കും വിദേശകാര്യ മന്ത്രാലയത്തിനും പങ്കുണ്ടെന്ന് തരൂർ

യോഗയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്. നെഹ്റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നൽകി മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ തിരുവനന്തപുരം എംപി ശശി തരൂർ.

കോൺഗ്രസ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ്, യോഗയെ പുനരുജ്ജീവിപ്പിക്കുന്നതിൽ മോദിയും വിദേശകാര്യ മന്ത്രാലയവും വഹിച്ച പങ്ക് തരൂർ എടുത്തുപറഞ്ഞത്. ‘‘യോഗയെ ജനകീയവും ദേശീയ നയത്തിന്റെ ഭാഗവുമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പണ്ഡിറ്റ് നെഹ്റുവിന് ഈ രാജ്യാന്തര യോഗാ ദിനത്തിൽ ഞങ്ങളുടെ നന്ദി. നമ്മുടെ ശാരീരികവും മാനസികവുമായ പുരോഗതിയിൽ ഈ പുരാതന കലയുടെയും തത്ത്വചിന്തയുടെയും പ്രാധാന്യം സ്മരിക്കാം. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം’ – ഇതായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

ഇതിനോട് പ്രതികരിച്ച് ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: ‘‘തീർച്ചയായും! യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത നമ്മുടെ സർക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ പങ്കും നാം അംഗീകരിക്കണം. ഐക്യരാഷ്ട്ര സംഘടനയുമായി സഹകരിച്ച് രാജ്യാന്തര യോഗാ ദിനത്തിലൂടെ യോഗയെ രാജ്യാന്തരവൽക്കരിച്ചതിൽ ഇവർക്കും പങ്കുണ്ട്. ലോകം അംഗീകരിക്കുന്ന നമ്മുടെ ശക്തിയുടെ പ്രധാന ഭാഗം തന്നെയാണ് യോഗയുമെന്ന് പതിറ്റാണ്ടുകളായി ഞാൻ വാദിക്കുന്നതാണ്. അത് അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം.’’– തരൂർ കുറിച്ചു.

Leave a Reply

Your email address will not be published.

kpcc-sudhakaran-court-question-police Previous post കെ സുധാകരന് മുൻകൂർ ജാമ്യം; ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കോടതി
kuwait-norka-national-recruit-ment Next post നോർക്ക – കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റിൽ<br>നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി