
ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ലോകാരോഗ്യ സംഘടന
ചാറ്റ് ജിപിടി, ബാര്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത ടൂളുകള്‍ പൊതുജനാരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി തുറന്നിടുന്ന അനന്ത സാധ്യതകള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുമ്പോഴും സാങ്കേതിക വിദ്യ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടും എന്ന കാര്യത്തില്‍ ആശങ്കകളുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പരീക്ഷിക്കപ്പെടാത്ത എഐ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യ രക്ഷ ഈ രംഗത്തെ ജീവനക്കാര്‍ക്ക് തെറ്റ് പറ്റാന്‍ ഇടയാക്കാമെന്നും അത് രോഗികള്‍ക്ക് ഹാനികരമാകാമെന്നും ഡബ്യുഎച്ച്ഒ മുന്നറിയിപ്പ് നല്കുന്നു. തെറ്റായ വിവരങ്ങള്‍ വിശ്വാസയോഗ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള ലാര്‍ജ് ലാങ്വേജ് മോഡലുകള്‍ ദുരുപയോഗിക്കപ്പെടാമെന്നും ലോകാരോഗ്യ സംഘടന കരുതുന്നു.
വാക്കുകളായും ചിത്രങ്ങളായും വിഡിയോകളായും നിര്‍മിത ബുദ്ധി ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പരത്താനുള്ള സാധ്യതയും ഡബ്യുഎച്ച്ഒ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസ്യയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് പൊതുജനാരോഗ്യത്തെ സംബന്ധിച്ച വരുന്ന വിവരങ്ങളും ഈ അസത്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് സാധിക്കണമെന്നില്ല. നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള പുതു സാങ്കേതിക വിദ്യകള്‍ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഗവണ്മെന്റുകളും നയരൂപീകരണത്തിന് നേതൃത്വം നല്‍കുന്നവരും ഉറപ്പാക്കണമെന്നും ഡബ്യുഎച്ച്ഒ ആവശ്യപ്പെട്ടു.