
പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ടെന്ന മമതയുടെ ആവശ്യം സുപ്രിംകോടതി തള്ളി
പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ടെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി. ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി ശരിവെച്ച സുപ്രിംകോടതി, ഹൈക്കോടതി ഉത്തരവിനെതിരായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അപ്പീൽ തള്ളി.
അതേസമയം ബംഗാളിൽ സംഘർഷങ്ങളുടെ പേരിൽ ഗവർണറും സർക്കാറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്. ഗവർണർ സി.വി ആനന്ദ ബോസ് ബി.ജെ.പി പ്രതിനിധിയെ പോലെ പ്രവർത്തിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ ആറു പേരാണ് കൊല്ലപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.ജെ.പി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്തിരുന്നു.