
എ.ഐ. ക്യാമറ; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി
എ.ഐ. ക്യാമറ വിഷയത്തിൽ ഹൈക്കോടതിയിൽനിന്ന് സർക്കാരിന് തിരിച്ചടി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തിൽ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാർക്ക് അവസര നൽകി. കരാറുകാർക്ക് പണം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടർന്നുള്ള കാര്യങ്ങൾ ചെയ്യാനാകൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം.
ഹർജിക്കാരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകർ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നൽകാനുള്ള അവസരം ഹർജിക്കാർക്ക് നൽകിയ ഹൈക്കോടതി ഇതിനായി രണ്ടാഴ്ചവരെയാണ് സമയം നൽകിയത്. മൂന്നാഴ്ചയ്ക്കുശേഷം ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.