
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കലിംഗയിൽ പോയി പരിശോധിക്കാൻ പോലീസ്
എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും എം.കോം. പ്രവേശനവും അന്വേഷിക്കാൻ പോലീസ്. ഇതിനായി രണ്ടംഗ പോലീസ് സംഘത്തെ കലിംഗയിലേക്ക് വിടും. കായംകുളം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം. എം.എസ്.എം. കോളേജ് പരാതി നൽകുന്ന മുറയ്ക്കായിരിക്കും അന്വേഷണം ആരംഭിക്കുക. ചൊവ്വാഴ്ച പരാതി നൽകുമെന്നാണ് കോളേജ് നൽകുന്ന വിശദീകരണം.
കലിംഗയിൽനിന്ന് നേടിയതെന്ന് പറയപ്പെടുന്ന ബി.കോം. സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് പോലീസ് കലിംഗയിലേക്ക് പുറപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കും.
അതേസമയം പോലീസ് ഇതുസംബന്ധമായി ഇതുവരെ കേസെടുത്തിട്ടില്ല. കോളേജ് പരാതി നൽകുന്ന മുറയ്ക്കായിരിക്കും കേസ് രജിസ്റ്റർ ചെയ്യുകയെന്നാണ് പോലീസ് അറിയിച്ചത്. കെ.എസ്.യു. നൽകിയ പരാതി മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ തേടി. അതേസമയം കായംകുളം എം.എസ്.എം. കോളേജ് ഇന്ന് വിശദമായ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും തുടർനടപടികളുണ്ടാവുക.