
കാട്ടാനയെ കണ്ട് കാർ ഒതുക്കി, ടയർ മണ്ണിൽ താഴ്ന്നു
മലപ്പുറത്ത് പാഞ്ഞടുത്ത കൊമ്പനിൽ നിന്ന് കഷ്ടിച്ച് രക്ഷ
മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രകാർക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍. ആന റോഡിൽ നിൽക്കുന്നത് കണ്ട് ഭയന്ന കുടുംബം കാർ റോഡിനോട് ചേർന്ന് ഒതുക്കി നിർത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോവുകയായിരുന്നു. ഇതോടെ വാഹനം പിന്നോട്ട് എടുക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായി. കാട്ടാന പാഞ്ഞ് അടുക്കുക കൂടി ചെയ്തതോടെ കാറിലെ യാത്രക്കാർ ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവിൽ നില്‍ക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണിരുന്നു. യാത്രക്കാര്‍ പിന്നോട്ട് പോയതിനേ തുടര്‍ന്ന് വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും ഗുരുതര പരിക്കേറ്റിട്ടില്ല.
അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം ഒറ്റയാന്‍ ഇറങ്ങിയിരുന്നു. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് കാട്ടാനയെ തിരികെ കാടുകയറ്റിയത്.
മൂന്നാര്‍ മാട്ടുപ്പെട്ടിയിലും കാട്ടാനയുടെ ആക്രമണമുണ്ടായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന റോഡില്‍ ഇറങ്ങി വാഹനങ്ങൾ കടന്നുപോകാനാത്ത സ്ഥിതി സൃഷ്ടിച്ചിരുന്നു. പിന്നാലെ പടയപ്പയെത്തി മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ പെട്ടിക്കടകള് തകര്‍ത്തിരുന്നു. ആനയെ കാടു കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ അകത്താക്കിയ ശേഷമാണ് തിരികെ കാട് കയറിയത്.
അതേസമയം തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ നിരോധിയ്ക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുള്ളത്. തുടർച്ചയായി മഴ പെയ്യുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലും മണ്ണിടിച്ചിൽ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടുവാൻ സാധ്യത ഉള്ളതിനാലുമാണ് ഇത്.