
തിരുവനന്തപുരത്ത് നിന്ന് ആറര മണിക്കൂറിനുള്ളിൽ കാസർകോഡ് എത്താം; കാരോട് – തലപ്പാടി ആറ് വരി പാത അടുത്ത വർഷം പൂർത്തിയാകും
സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ മണിക്കൂറിൽ 110 കി.മീ വേഗതയിൽ കാറോടിക്കാൻ സൗകര്യമൊരുക്കുന്ന കാരോട്- തലപ്പാടി ആറ് വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവും. ഇതോടെ ശരാശരി 100 കിലോമീറ്ററിൽ കാറോടിച്ചാലും 6.32 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്താനാവും.
ഇപ്പോൾ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള ആറുവരിപ്പാതയിൽ 90 കിലോമീറ്ററാണ് പരമാവധി വേഗത. തലപ്പാടി-കാരോട് ആറുവരി പാത നിർമ്മാണം പൂർത്തിയായാൽ, തെക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാരോട് മുതൽ വടക്ക് കർണ്ണാടക അതിർത്തിയായ തലപ്പാടി വരെയുള്ള 631.8 കിലോമീറ്റർ ദൂരം കേരളത്തിലെ അതിവേഗ പാതയായി മാറും.
മോട്ടോർ വാഹന വകുപ്പിന്റെ കരട് റിപ്പോർട്ടിൽ എക്സ്പ്രസ് ഹൈവേയിലെ പരമാവധി വേഗം 110 കി.മീ ആക്കണമെന്ന് നിർദേശിച്ചിരുന്നു. ഇപ്പോൾ കേരളത്തിൽ എക്സ്പ്രസ് ഹൈവേ ഇല്ലാത്തതിനാൽ ആറുവരി പാതയിലെ വേഗത 110 ആക്കാൻ ബുധനാഴ്ച മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ കഴക്കൂട്ടം- കാരോട് പാതയിൽ ഈ വേഗതയിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
സംസ്ഥാനത്തിലൂടെ കടന്നു പോകുന്ന എട്ടു ദേശീയ പാതകളിലെ വേഗത 90 കി.മീയിൽ നിന്നും 100 ആക്കി കൂട്ടിയിട്ടുണ്ട്. ട്രാൻസ്പോർട്ട് ബസുകളുടെയും, ട്രാവലർ അടക്കമുള്ള ഒമ്പത് സീറ്റിനു മുകളിലുള്ള വാഹനങ്ങളുടെയും വേഗത ആറുവരി ദേശീയപാതയിൽ 95, നാലു വരിയിൽ 90 എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കെ.എസ്.ആർ.ടി.സിയുടെ ഉൾപ്പെടെ ദീർഘദൂര സർവീസുകൾക്ക് ഗുണം ചെയ്യും. വേഗമാറ്റം കണക്കാക്കി സ്പീഡ് ഗവണറിലും മാറ്റം വരുത്താനാകും.
സംസ്ഥാന പാതകളിലും ജില്ലാ റോഡുകളിലും ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ വേഗത 65ൽ നിന്നും 80 കി.മീറ്ററായി വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരക്കേറിയതും നിരവധി റോഡുകൾ വന്നുചേരുന്ന ജംഗ്ഷനുകളും ഉള്ള പാതകളിൽ ഈ വേഗത അപടകടമുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്.