
സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു
വിദ്യാഭ്യാസ ബന്ദ് നടത്തും
കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കന്മാര്‍ കുമ്പിടികളാവുകയാണെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പരീക്ഷ എഴുതാത്ത സംസ്ഥാന സെക്രട്ടറി പരീക്ഷ ജയിച്ചതായി കോളേജ് വെബ്‌സൈറ്റില്‍ വരുന്നു. എം ഫില്‍ പഠിക്കുന്ന എസ്.എഫ്.ഐ നേതാവ് വിദ്യ അതേ കാലയളവില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്യുന്നു. എം.എസ്.എം കോളേജില്‍ റെഗുലര്‍ ഡിഗ്രിക്ക് പഠിച്ച നേതാവിന് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ച സര്‍ട്ടിഫിക്കറ്റ് കിട്ടുന്നു. ഇത്തരത്തിലുള്ള കുമ്പിടിമാരെ നിലക്കുനിര്‍ത്താന്‍ സി.പി.എം തയ്യാറാവണം.
വഴിവിട്ട രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐ നേതാക്കന്മാര്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 2022 ജനുവരി മൂന്നാം വാരം കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ അവസാനിച്ചതാണ്. ഇതിനു ശേഷം നിഖിലിന് അഡ്മിഷന്‍ നല്‍കുന്നതിനു വേണ്ടിമാത്രം ജനുവരി 31 വരെ അഡ്മിഷന്‍ നല്‍കാമെന്നു ജനുവരി 30ന് കോളേജുകള്‍ക്ക് കേരള സിന്‍ഡിക്കേറ്റ് നിര്‍ദേശം നല്‍കി. സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗവും സിന്‍ഡിക്കേറ്റ് അംഗവുമായ കെ.എച് ബാബുജാന്‍ ആണ് ഇതില്‍ ഇടപെടല്‍ നടത്തിയത്. നിഖില്‍ കലിംക യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ല എന്ന് അവിടുത്തെ രജിസ്ട്രാര്‍ പറയുമ്പോള്‍ വലിയ ക്രിമിനല്‍ കുറ്റമാണ് നിഖില്‍ ചെയ്തത്.
അത് അന്വേഷിക്കണം. കൂടാതെ നിഖില്‍ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ലായെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതിലും ഗൂഡലോചനയുണ്ടെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ വ്യാജന്മാര്‍ക്കും നുണയന്മാര്‍ക്കും നേതൃത്വം നല്‍കുന്നതും സംരക്ഷിക്കുന്നതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയാണ്. നിഖിലിനെ സംരക്ഷിക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയ ഇയാളുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തെറിയുമ്പോള്‍ സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് കെ.എസ്.യു. നടത്തും.