
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു; നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ
വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇത് കൂടാതെ നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ മുഹമ്മദ് താഹ അറിയിച്ചു. സംഭവം അന്വേഷിക്കാനായി ആറംഗസമിതിയെ നിയോഗിക്കുകയും, ഇവരോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള ബി കോം സർട്ടിഫിക്കറ്റ് ആദ്യം കോളേജിലേക്കല്ല കൊണ്ടുവരുന്നത്. പകരം സർവകലാശാലയിൽ നിന്നും തുല്യത സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് കോളേജിൽ അഡ്മിഷൻ എടുക്കുന്നത്. സർവകലാശാല നിയമങ്ങൾ അനുസരിച്ച് മാത്രമാണ് വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയത്. ആറംഗസമിതിയുടെ റിപ്പോർട്ട് വന്നതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല അറിയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചുവെന്നും, നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചു. വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിഖില്‍ തോമസിന് പ്രവേശനം നല്‍കിയതിൽ മാനേജര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി ഹാരിസ് പറഞ്ഞു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്തെന്ന് മാനേജർ വ്യക്തമാക്കണമെന്നും ഷേക്ക് പി ഹാരിസ് പറഞ്ഞു.