
‘ആദിപുരുഷി’നെതിരെ പ്രതിഷേധം; നേപ്പാളിൽ ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി
പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമയുടെ പേരിൽ നേപ്പാളിൽ വിവാദം ശക്തമാകുന്നു. ഇതേ തുടർന്ന് നേപ്പാളിലെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റിയിലും ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെയ്ക്കാൻ പൊഖാറ മേയർ ധനരാജ് ആചാര്യ തിയറ്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ, നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയർ ബാലേന്ദ്ര ഷാ ഇന്ത്യൻ സിനിമകൾ നിരോധിച്ചിരുന്നു. സീത ജനിച്ചത് നേപ്പാളിലാണെന്ന് വാദിച്ചാണ് രാജ്യത്ത് സിനിമക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നത്. എന്നാൽ ചിത്രത്തിൽ സീത ഇന്ത്യയുടെ മകളാണെന്ന് അവകാശപ്പെടുന്ന സംഭാഷണം ഉണ്ടായിരുന്നു.
സംഭാഷണം തിരുത്താൻ തങ്ങൾ മൂന്ന് ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നുവെന്നും, നേപ്പാളിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിർത്തി ദേശീയ താൽപര്യം സംരക്ഷിക്കുക എന്നത് സർക്കാറിന്റെയും നേപ്പാളി പൗരന്റെയും പ്രഥമ കടമയാണെന്നതിൽ സംശയമില്ലെന്നും കാഠ്മണ്ഡു മേയർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, 1903-ന് മുമ്പ് നേപ്പാൾ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അതുകൊണ്ടാണ് ജനകന്റെ മകൾ ഇന്ത്യയിൽ ജനിച്ചതായി ചിത്രീകരിച്ചതെന്നും ചിത്രത്തിന്റെ എഴുത്തുകാരൻ മനോജ് മുൻതഷിർ ശുക്ല വ്യക്തമാക്കി.