
രണ്ട് മാസം മുൻപ് ഉദ്ഘാടനം ചെയ്ത കോട്ടയത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു; നിർമ്മാണത്തിൽ അഴിമതി നടന്നെന്ന് കോൺഗ്രസ്
രണ്ടു മാസം മുൻപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോട്ടയം വിജയപുരത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ഒരാഴ്ച്ച മുൻപ് ചോർച്ചയുണ്ടെന്ന് കാണിച്ച് ഫ്ലാറ്റിലെ താമസക്കാര്‍ പരാതി നൽകിയതിനെ തുടർന്ന് കോട്ടയം ജില്ലാ കലക്ടര്‍ നടപടിയെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന് അധികൃതര്‍ മടങ്ങി. ഇതിനു പിന്നാലെ പെയ്ത മഴയിൽ വീണ്ടും ഫ്ലാറ്റുകൾ ചോർന്നൊലിക്കുകയാണ്.
ഏപ്രില്‍ 8ന് കേരളത്തിലൊന്നാകെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു നല്കിയ നാല് ലൈഫ് ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് ഇപ്പോൾ ചോർന്നൊലിച്ച വിജയപുരത്തെ ഫ്ലാറ്റ്. ഇവിടെ ആകെയുളള 42 ഫ്ളാറ്റുകളില്‍ 28 എണ്ണത്തിലും ആളുകൾ താമസം തുടങ്ങിയിരുന്നു. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി ബുദ്ധിമുട്ടായിരിക്കുന്നത്.
വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിൽ ഇപ്പോള്‍ താമസക്കാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനിടെ ഫ്ളാറ്റിൽ ചോർച്ച ഉണ്ടായതോടെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.