കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വര്‍ണം പണയംവെച്ച് ഗൂഢാലോചന, കവര്‍ച്ച, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയില്‍ശിക്ഷ വിധിച്ചത്.വാടകയ്ക്ക് താമസിച്ചിരുന്ന ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ വീട്ടില്‍നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം, പള്ളുരുത്തി തണ്ടാശ്ശേരി വീട്ടില്‍ സിനി ഗോപകുമാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. നൂറുകണക്കിന് തട്ടിപ്പുകേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നല്‍കി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു.കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആലപ്പുഴ ജില്ലയില്‍ അരൂര്‍, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗണ്‍ സൗത്ത്, എറണാകുളം സെന്‍ട്രല്‍, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂര്‍ പുതുക്കാട്, കൊടകര, മാള, ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍മാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.

Leave a Reply

Your email address will not be published.

Previous post കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും
Next post അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണ: കെ.സുരേന്ദ്രൻ