
വെള്ളത്തിന് പകരം കുടിച്ചത് സ്പിരിറ്റ്: കിഡ്നി രോഗിയായ ഒൻപതുകാരി മരിച്ചു, വാദം തള്ളി ഡോക്ടർമാർ
അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
എന്നാൽ സ്പിരിറ്റ് കുടിച്ചതിനെ തുടർന്നാണു മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതർ തള്ളി. മസ്തിഷ്കാഘാതത്തെ തുടർന്നാണു പെൺകുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടൻ തന്നെ പെൺകുട്ടി തുപ്പിക്കളഞ്ഞിരുന്നുവെന്നും കുട്ടിയുടെ ഉള്ളിൽ വളരെ കുറവ് സ്പിരിറ്റിന്റെ അംശം മാത്രമേ കണ്ടെത്താൻ കഴിഞ്ഞൊള്ളുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മധുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.