ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിച്ചു; ആദിപുരുഷ് നിരോധിക്കണം 

പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിനെതിരേ പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന എന്ന സംഘടന. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് ഡൽഹി ഹൈക്കോടതിയിലാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കണമെന്നും സെൻസർ ബോർഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹർജി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആദിപുരുഷിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങൾക്ക് നിലവാരമില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. കർണാടകയിലെ ഒരു തിയേറ്ററിന് മുന്നിൽ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകന് മർദ്ദനമേറ്റിരുന്നു. സിനിമയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് യുവാവിനെ പ്രഭാസ് ആരാധകർ കൂട്ടംചേർന്ന് ആക്രമിച്ചത്.

തിയേറ്ററിൽ ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് മറ്റൊരു യുവാവിനെ മർദിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൈദരാബാദിലാണ് സംഭവം. ഫാൻസ് ഷോയ്ക്കിടെയാണ് സംഭവം.

രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. സിനിമ കാണാൻ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Leave a Reply

Your email address will not be published.

Previous post വാട്‌സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന വിവരം; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി
Next post തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ്‌ വീണ്ടും ചാടിപ്പോയി; കുറവൻകോണത്ത് ഭാഗത്ത് കണ്ടതായി നാട്ടുകാർ