മദ്യം കിട്ടാത്തതിന് ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ

തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് – പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി.

ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു പൂത്തോളിൽ കൺസ്യൂമർ ഫെഡിലെ മദ്യശാലയിലേക്കു നാലുയുവാക്കൾ എത്തിയത്. ഈ സമയം മദ്യശാല അടയ്ക്കാനൊരുങ്ങുകയായിരുന്നു ജീവനക്കാർ. മദ്യശാലയുടെ ഷട്ടർ പാതിതാഴ്ത്തിയിരുന്നു. തുടർന്നു മദ്യം വാങ്ങാൻ നാളെ വരാൻ ജീവനക്കാർ ആവശ്യപ്പെട്ടു.

എന്നാൽ മദ്യം വാങ്ങിയേ പോകു എന്ന നിലപാടിലായിരുന്നു യുവാക്കൾ. തുടർന്നു ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. മദ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തൃശൂർ വെസ്റ്റ് പൊലീസിൽ ജീവനക്കാർ വിവരം അറിയിച്ചതോടെ ഇൻസ്‌പെക്ടർ അർഷാദും സംഘവും സ്ഥലത്തെത്തി. എന്നാൽ അതിനോടകം തന്നെ യുവാക്കൾ സ്ഥലം വിട്ടിരുന്നു.

യുവാക്കളെ കണ്ടാൽ തിരിച്ചറിയാമെന്നു മദ്യശാലയിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞതോടെ ഇയാളുമായി പൊലീസ് വിവിധ ബാറുകളിൽ പരിശോധന നടത്തി. തുടർന്നു നാലുപേരെയും കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യംചെയ്തു വരികയാണ്. 

Leave a Reply

Your email address will not be published.

Previous post 7 വർഷമായി നടക്കുന്ന കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്’; ചെന്നിത്തല
Next post ‘ജവാൻ’ ഉത്പാദനം വർധിപ്പിക്കുന്നു; പ്രീമിയം, അര ലിറ്റർ എന്നിവ വന്നേക്കും