നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേരുമാറ്റി കേന്ദ്രം; വിമർശനവുമായി കോൺഗ്രസ്‌

ഡൽഹിയിലെ തീർമൂർത്തി ഭവനിലുള്ള നെഹ്‌റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പേര് കേന്ദ്ര സർക്കാർ മാറ്റി. പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുതിയതായി നൽകിയ പേര്. കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോൺഗ്രസ്‌ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

16 വർഷത്തോളം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു തീർമൂർത്തി ഭവൻ. മരണശേഷം നെഹ്‌റുവിനുള്ള ആദരമായാണ് കേന്ദ്രം ഭവനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. പ്രതിരോധ മന്ത്രിയും മ്യൂസിയം സൊസൈറ്റി വൈസ് പ്രസിഡന്റുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തിലാണ് ഇപ്പോൾ പേര് മാറ്റാൻ തീരുമാനമായത്. തീരുമാനത്തെ പിന്താങ്ങുന്നതായി രാജ്‌നാഥ് അറിയിച്ചു.

ജവഹർലാൽ നെഹ്‌റു മുതൽ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. കുടയുടെ എല്ലാ നിറവും ആനുപാതികമായി പ്രതിനിധീകരിച്ചാലേ അതു സുന്ദരമാകൂ. പേരുമാറ്റ നടപടി ജനാധിപത്യപരവും എല്ലാ പ്രധാനമന്ത്രിമാർക്കുമുള്ള ആദരവുമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ഏകാധിപത്യ മനോഭാവത്തിന്റെ ഭാഗമാണ് നടപടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണ്. ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്‌റുവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഖാർഗെ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post ആനപ്രേമികളേ, കൊച്ചയ്യപ്പന്റെ വൃകൃതികള്‍ കാണണോ
Next post പോക്സോ കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്