
കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരി പ്രതിപട്ടികയിൽ തുടരും; ബിനീഷിന്റെ ഹർജി കോടതി തള്ളി
കള്ളപ്പണം വെളുപ്പിച്ച കേസിൽ തന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജി മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളി. ഇതോടെ കേസിൽ നാലാം പ്രതിയായി തന്നെ ബിനീഷ് തുടരും. ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2020ൽ ബിനീഷ് കോടിയേരിയെ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ചായിരുന്നു ബിനീഷ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി നൽകിയത്. എന്നാൽ ബിനീഷ് കോടിയേരിക്ക് ഒന്നാം പ്രതി മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. അനൂപും ബിനീഷും കൊക്കൈൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ട് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം.
ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയൽ സ്യൂട്ട് അപ്പാർട്മെന്റിൽ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും മറ്റുള്ളവരും പിടിയിലാകുന്നത്. ഇതെല്ലാം അർത്ഥമാക്കുന്നത് ഒന്നാം പ്രതിയുടെ ബിസിനസ് സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നു എന്നാണെന്നും കോടതി നിരീക്ഷിച്ചു.
ലഹരിക്കടത്ത് കേസിലെ ഒന്നാം പ്രതിക്ക് കണക്കിൽ കവിഞ്ഞ സാമ്പത്തിക സഹായം ചെയ്‌തെന്ന കേസ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നാലാം വകുപ്പ് പ്രകാരം നിലനിൽക്കുമെന്ന് മുൻ കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസ് എച്ച് എ മോഹൻ വ്യക്തമാക്കി. കുറ്റകൃത്യത്തിനായി നാലാം പ്രതിയായ ബിനീഷ് ഒന്നാം പ്രതിയെ സഹായിച്ചതിന് മതിയായ തെളിവുകൾ ഇഡി ഹാജരാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
