
വീട്ടിൽ അതിക്രമിച്ചു കയറി; പോലീസുകാരന് റോഡിൽ മർദനം
തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് മർദിച്ചത്.
രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ബിജു ബേക്കറി ജംങ്ഷന് സമീപത്തുള്ള ഒരു വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു എന്നാണ് ആരോപണം. അപരിചിതനായ വ്യക്തി വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതു കണ്ട് വീട്ടുകാർ ബഹളം വെച്ചു. തൊട്ടടുത്തുണ്ടായിരുന്ന സി.ഐ.ടി.യു. തൊഴിലാളികൾ ബഹളം കേട്ട് സ്ഥലത്തെത്തി. ഉടൻ തന്നെ നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്ന് ഇയാളെ വീട്ടിൽ നിന്ന് പിടിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരേ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. പോലീസുകാരനെ മർദിച്ചതിനും കേസെടുക്കുമെന്നാണ് വിവരം. നേരത്തെ തന്നെ ബിജുവിനുനേരെ നിരവധി പരാതികൾ ഉണ്ടായിരുന്നു. ജോലിക്ക് ഹാജരാകാതെ കൃത്യവിലോപം നടത്തുന്ന പോലീസുകാരനാണെന്നാണ് ലഭിക്കുന്ന വിവരം.