യുഎസിൽ നിന്ന് ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിൻറെ അനുമതി; 15 എണ്ണം നാവികസേനയ്ക്ക്

യുഎസിൽനിന്ന് എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിൻറെ അനുമതി. 30 ഡ്രോണുകളിൽ 15 എണ്ണവും നാവികസേനയ്ക്ക് നൽകിയേക്കും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി ഉടൻ അന്തിമാനുമതി നൽകും. പ്രിഡേറ്റർ എന്നും ഹണ്ടർ കില്ലർ എന്നും വിളിപ്പേരുള്ള ഡ്രോണുകളാണ് വാങ്ങുന്നത്.

നിരീക്ഷണത്തിനും ആക്രമണത്തിനും സിഐഎയുടെ വിശ്വസ്തനാണ് ഈ ഡ്രോൺ. മെക്‌സിക്കൻ അതിർത്തി മുതൽ പാക്-അഫ്ഗാൻ അതിർത്തി വരെ അമേരിക്ക ഈ ഡ്രോൺ ഉപയോഗിച്ചിരുന്നു. കര-നാവിക-വ്യോമസേനകൾക്കായി 10 എണ്ണം വീതം ലഭ്യമാക്കാനായിരുന്നു ആദ്യ ആലോചന. എങ്കിലും നാവികസേനയ്ക്ക് 15 ഡ്രോണുകൾ വരെ നൽകിയേക്കും. 2020 മുതൽ രണ്ട് സീ ഗാർഡിയൻ ഡ്രോണുകൾ അമേരിക്കയിൽനിന്ന് പാട്ടത്തിനെടുത്ത് നാവികസേന ഉപയോഗിക്കുന്നുണ്ട്. ലേസർ നിയന്ത്രിത ബോംബുകളും ഹെൽഫയർ മിസൈലുകളുമാണ് പോർമുന. അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്‌സാണ് നിർമാതാക്കൾ. 40,000 അടി ഉയരത്തിൽ 30 മുതൽ 40 മണിക്കൂർ വരെ തുടർച്ചയായി പറക്കും. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരെണ്ണത്തിന് 250 കോടിയിൽ കുറയില്ല. ഡ്രോണിലെ ക്യാമറയ്ക്ക് 3.2 കിലോമീറ്റർ ദൂരെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പോലും ഒപ്പിയെടുക്കാം. 

Leave a Reply

Your email address will not be published.

Previous post ചെറിയ ഉള്ളിയും പച്ചമുളകും ചതച്ചു ചേർത്ത അടിപൊളി ബീഫ് ചില്ലി റോസ്റ്റ്; തയാറാക്കാം
Next post മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു