പൊലീസ് ജീപ്പ് സ്റ്റേഷനിൽനിന്നു കവർന്ന് 25കാരൻ: സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പതിവ് പെട്രോളിങ് പൂർത്തിയാക്കി പൊലീസിന്റെ രക്ഷക് ജീപ്പ് സിറ്റി സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്യ്ത്. സ്റ്റേഷനു മുന്നിലാണന്ന ധൈര്യത്തിൽ ലോക്കു ചെയ്യാതെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകൾക്കുശേഷം വാഹനമെടുക്കാനെത്തിയ ഡ്രൈവർ പക്ഷേ ഞെട്ടി. ജീപ്പ് കാണാനില്ല.

സ്റ്റേഷനിലാകെ പരിഭ്രാന്തിയായി. ഇരുപത്തിയഞ്ചുകാരനായ യുവാവ് സ്റ്റേഷനു മുന്നിൽനിന്നു കൂളായി വാഹനമെടുത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെ മോഷണം ഉറപ്പിച്ചു. ജിപിഎസ് സിഗ്‌നൽ പരിശോധനയിൽ വാഹനം അതിർത്തി കടന്നു തമിഴ്‌നാട്ടിലെ വെല്ലൂർ ലക്ഷ്യമാക്കി നീങ്ങുന്നതായി മനസ്സിലായി. ഉടൻ തമിഴ്‌നാട് പൊലീസിനു വിവരം കൈമാറി.

വന്ദവാസി ടൗണിൽ വച്ച് തിരുവണ്ണാമലൈ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് കണ്ടെത്തി. തമിഴ്‌നാട് പൊലീസ് പിന്തുടരുന്നതു കണ്ട് ജീപ്പിൽനിന്ന് ഇറങ്ങിയോടിയ പ്രതിയെ സിനിമാ സ്‌റ്റൈലിൽ പിന്തുടർന്നാണ് പിടികൂടിയത്. വിശാഖപട്ടണം സ്വദേശിയായ സൂര്യ എന്നയാളാണ് അറസ്റ്റിലായത്. സ്റ്റേഷനു മുന്നിൽ ചുറ്റിതിരിഞ്ഞിരുന്ന ഇയാൾ, ലോക്ക് ചെയ്തിട്ടില്ലെന്നു മനസ്സിലാക്കി ജീപ്പ് എടുത്തുകൊണ്ടുപോവുകയായിരുന്നു. പൊലീസ് വാഹനമായതിനാൽ സംസ്ഥാന അതിർത്തി അടക്കം ഒരിടത്തും ആരും തടയുകയോ പരിശോധിക്കുകയോ ചെയ്തില്ല.

Leave a Reply

Your email address will not be published.

Previous post ‘സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ മാത്രമല്ലല്ലോ’, അംബാട്ടി റായുഡുവിന് മറുപടിയുമായി എം എസ് കെ പ്രസാദ്
Next post തെരുവ് നായ ശല്യം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചുകൊന്നു